സ്വന്തം ലേഖകൻ: ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കാലാവസ്ഥ ഉച്ചകോടി “കോപ്28’ന് ഇന്നു ദുബായിൽ തുടക്കമാകും. പുനരുപയോഗിക്കാവുന്ന ഭക്ഷ്യ സംവിധാനം, സുസ്ഥിര കൃഷി, കാലാവസ്ഥ കർമ പദ്ധതി എന്നിവയിൽ ലോക രാഷ്ട്രങ്ങളെ ഒരുമിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
നയ രൂപീകരണത്തിൽ സുപ്രധാന തീരുമാനം കൈക്കൊള്ളേണ്ട യുഎസ്, ചൈന രാഷ്ട്രത്തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ഇന്ന് ദുബായിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സമ്മേളനത്തിൽ പങ്കെടുക്കും.
ആരോഗ്യപ്രശ്നങ്ങൾ മൂലം വിശ്രമത്തിലായതിനാൽ ഫ്രാൻസിസ് മാർപാപ്പയും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. കാലാവസ്ഥാ സംരക്ഷണം സംബന്ധിച്ച ചർച്ചകളിലും തുടർനടപടികളിലും എല്ലാവരും പങ്കെടുക്കണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു.
കോപ് 28ന് യുഎ.ഇയിലെത്തുന്ന അന്താരാഷ്ട്ര സമൂഹത്തെ രാജ്യത്തേക്ക് സ്വാഗതംചെയ്ത് യുഎ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. സമൂഹ മാധ്യമമായ എക്സിലാണ് സ്വാഗതസന്ദേശം അദ്ദേഹം കുറിച്ചത്. കാലാവസ്ഥ ഉച്ചകോടിക്കായി ലോകത്തെ യുഎ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ആഹ്ലാദമുണ്ട്.
നമ്മുടെ ഭൂമി അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ യോജിച്ച കാഴ്ചപ്പാടും ഒരുമിച്ചുള്ള പ്രവർത്തനവും ആവശ്യമാണ്.കാലാവസ്ഥ പ്രവർത്തനത്തിനായി ലോകത്തെ ഒരുമിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല