സ്വന്തം ലേഖകൻ: ഈ വർഷം ആദ്യപാദം യുഎഇയിൽ ചില്ലറ വിൽപന മേഖലയിൽ ഉണർവ്. കഴിഞ്ഞ വർഷത്തെക്കാൾ ഉപഭോക്താക്കൾ പണം ചെലവാക്കുന്നതിൽ 4% വർധന രേഖപ്പെടുത്തിയെന്നാണ് മാജിദ് അൽ ഫുത്തൈം റിപ്പോർട്ട്. 2019ൽ മൂന്നു ശതമാനമായിരുന്നു വർധന. ശക്തമായ കുതിപ്പല്ലെങ്കിലും ഉപഭോക്താക്കൾക്കിടയിൽ ശുഭാപ്തി വിശ്വാസം കൂടിയത് അവരുടെ വ്യയ ശീലത്തിലും പ്രതിഫലിക്കുന്നതായി ഡേറ്റ സൂചിപ്പിക്കുന്നു.
വാക്സിനേഷൻ വ്യാപകമാക്കിയതിന്റെയും കോവിഡ് വ്യാപനം ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞതിന്റെയും പശ്ചാത്തലത്തിലാണ് ഈ ഉണർവ്. ഇ-കോമേഴ്സ് രംഗം അതിശക്തമായ മുന്നേറുന്നെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 17% ആണ് ഈ വർഷത്തെ വർധന. ഭക്ഷ്യവ്യാപാരം, വെറ്ററിനറി സേവനം, ജൂവലറി തുടങ്ങിയ രംഗങ്ങളിൽ വലിയ അഭിവൃദ്ധിയാണ് പ്രതീക്ഷിക്കുന്നത്.
നാട്ടിൽക്കുടുങ്ങിയ പ്രവാസികൾ യു.എ.ഇ.യിലേക്ക് ഘട്ടംഘട്ടമായി മടങ്ങിയെത്തുന്നത് യു.എ.ഇ.യിൽ നിലവിലുള്ള പ്രവാസികൾക്ക് സമ്മാനിക്കുന്നത് പുതുപ്രതീക്ഷകളാണ്. വിപണി മെച്ചപ്പെടുന്നതും തൊഴിൽ അഭിവൃദ്ധി പ്രാപിക്കുന്നതും കാത്തിരിക്കുന്ന ഒരുവിഭാഗം ആളുകൾ യു.എ.ഇ.യിലുണ്ട്. ജീവനക്കാരില്ലാതെ പ്രവർത്തനം പ്രതിസന്ധിയിലായ ഒട്ടേറെ കമ്പനികളുണ്ട്. നാട്ടിലുള്ളവർ മടങ്ങിയെത്തുന്നതോടെ കമ്പനികളുടെ പ്രവർത്തനം സാധാരണ നിലയിലാകും.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും യു.എ.ഇ.യിൽ നിലവിലുള്ള വ്യാപാര, നിർമാണ, ഷിപ്പിങ് മേഖലകളെല്ലാം അഭിവൃദ്ധിയിൽത്തന്നെയാണ്. ഷിപ്പിങ് -ലോജിസ്റ്റിക്സ് രംഗത്ത് കോവിഡ് കാലത്തും വലിയ പ്രതിസന്ധി നേരിട്ടിട്ടില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദുബായ് എക്സ്‌പോ 2020 ആരംഭിക്കാനിരിക്കേ വിദഗ്ധ, അവിദഗ്ധ രംഗങ്ങളിൽ നൂറുകണക്കിന് തൊഴിലവസരങ്ങളാണ് വരാൻ പോകുന്നത്.
പലരും നേരിട്ടും അല്ലാതെയും അഭിമുഖം പൂർത്തിയായി നിയമനം കാത്തുകഴിയുന്നു. സെപ്റ്റംബറിൽ സ്കൂളുകൾ സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിൽ പുതിയ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർ അഭിമുഖം പൂർത്തിയാക്കി നിയമനത്തിനായി കാത്തിരിക്കുന്നു. കോവിഡ് തുടങ്ങിയതോടെ ഗൾഫ് രാജ്യങ്ങളിൽ ആദ്യം പ്രതിസന്ധി നേരിട്ടത് വിനോദസഞ്ചാര മേഖലയായിരുന്നു. കോവിഡിനു ശേഷം വലിയരീതിയിൽ ഈരംഗത്ത് ജോലി നഷ്ടപ്പെട്ടെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ അഭിവൃദ്ധി പ്രതീക്ഷിച്ചിരിക്കുന്ന മേഖല കൂടിയാണിത്.
ചെറുതും വലുതുമായ ഒട്ടേറെ ട്രാവൽ-ടൂർ ഓപ്പറേറ്റർമാർ പ്രവർത്തനം ആരംഭിക്കുകയും നിയമനം തുടങ്ങുകയുമായി. ദുബായ് എക്സ്‌പോ ആരംഭിക്കേ കൂടുതൽ കമ്പനികളും വിനോദസഞ്ചാരികളും ദുബായിലെത്തും. ഡെസേർട്ട് സഫാരി, സിറ്റി ടൂർ എന്നിവയെല്ലാം തുടങ്ങിക്കഴിഞ്ഞു. പുതിയ വിനോദസഞ്ചാരയിടങ്ങളും രാജ്യം കോവിഡ് നിയന്ത്രണങ്ങളോടെ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയാണ്.
സംരംഭകർക്കായി ഇളവുകളോടെ ദുബായ് സാമ്പത്തികകാര്യവകുപ്പ് പുതിയ ലൈസൻസുകൾ കൊടുത്തുതുടങ്ങി. നിക്ഷേപസൗഹൃദ നഗരമെന്ന നിലയിൽ എളുപ്പം തീർക്കാവുന്ന നടപടിക്രമങ്ങളും സാമ്പത്തികച്ചെലവ് ലഘൂകരിച്ചുമാണ് ലൈസൻസ് അനുവദിക്കുന്നത്. നിയമപരമായ രേഖകൾ ശരിയാക്കിയാൽ കേവലം ഒരാഴ്ചകൊണ്ട് ബിസിനസ് ആരംഭിക്കാൻ സാധിക്കും. വാണിജ്യം, വ്യാവസായികം, പ്രൊഫഷണൽ ലൈസൻസുകളെല്ലാം ഇത്തരത്തിൽ എളുപ്പം ലഭിക്കുകയും സംരംഭകരും ജീവനക്കാരും വർധിക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല