![](https://www.nrimalayalee.com/wp-content/uploads/2021/04/Serum-Institute-Covishield-Vaccine-Price-List.jpg)
സ്വന്തം ലേഖകൻ: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ്19 വാക്സീൻ സ്വീകരിച്ച, സാധുവായ താമസ വീസയുള്ളവരെ സെപ്റ്റംബർ 12 മുതൽ യുഎഇയിലേയ്ക്ക് വരാൻ അനുവദിക്കുമെന്നു ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, വിയറ്റ്നാം, നബീമിയ, സാംബിയ, കോംഗോ, യുഗാണ്ട, ലൈബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യക്കാർക്ക് യുഎഇ ഗവണ്‍മെന്റിന്റെ തീരുമാനം ഗുണകരമാകും.
ഇന്ത്യയിൽ കോവിഷീൽഡ് വാക്സീൻ ആണ് ലോക ആരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളത്. നേരത്തെ വിവിധ വിമാന കമ്പനികള്‍ ഇൗ വിവരം പുറത്തുവിട്ടിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. വൈകാതെ ഇന്ത്യയിലെ കോവാക്സീന് കൂടി അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. മുമ്പ് സസ്പെൻഷൻ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആറു മാസത്തിൽ കൂടുതൽ വിദേശത്ത് താമസിച്ചവർക്കും ഇത് ബാധകമാണ്.
യാത്രക്കാർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (െഎസിഎ) വെബ്സൈറ്റ് വഴി അപേക്ഷിക്കണം. കൂടാതെ, യുഎഇയിലേക്ക് പുറപ്പെടുമ്പോൾ അംഗീകൃത വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനൊപ്പം ആവശ്യമായ അംഗീകാരം ലഭിക്കുന്നതിനു വാക്സീനേഷൻ അപേക്ഷ പൂരിപ്പിക്കുകയും വേണം.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നേടിയ പിസിആർ പരിശോധനയുടെ നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കണം. ഇതിൽ ക്യു ആർ കോഡ് പതിച്ചിരിക്കണമെന്ന് നിർബന്ധമാണ്. വിമാനം കയറുന്നതിനുമുമ്പ് ദ്രുതഗതിയിലുള്ള പിസിആർ പരിശോധനയും നാല്, എട്ട് ദിവസങ്ങളിൽ മറ്റൊരു പിസിആർ പരിശോധനയും നടത്തണം. 16 വയസ്സിന് താഴെയുള്ള കുട്ടികളെ നടപടിക്രമങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല