സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്കുള്ള നേരിട്ടുള്ള പ്രവേശന വിലക്ക് യു എ ഇ നീട്ടി. ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് വിമാനം ഉണ്ടാകില്ല എന്ന് എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യു എ ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. ജൂണ്‍ പതിനാലിന് വിലക്ക് മാറിയേക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണ വിധേയമല്ലാത്ത സഹാഹര്യത്തിലാണ് പ്രവേശന വിലക്ക് തുടരുന്നതെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഏപ്രിൽ 24ന് അർധരാത്രിയായിരുന്നു ഇന്ത്യയിൽ നിന്നു നേരിട്ടുള്ള യാത്രാ വിലക്ക് യുഎഇ ഏർപ്പെടുത്തിയത്. ഇതു പിന്നീട് അനിശ്ചിതമായി നീട്ടുകയായിരുന്നു.
അതിനിടെ എമിറേറ്റ്സ് വിമാന കമ്പനി സർവീസ് നിരോധനം ജൂൺ 14 വരെ നീട്ടിയതായി അറിയിച്ചു. കോവിഡിന് മുൻപ് ഇന്ത്യയും യുഎഇയും തമ്മിൽ പ്രതിവാരം 1,068 വിമാന സർവീസുകൾ നടത്തിയിരുന്നു. മറ്റു വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്ന 50% ഇന്ത്യക്കാരും യുഎഇ വിമാനത്താവളങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.
യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസും ഇരു രാജ്യങ്ങളും തമ്മിലുള്ള കാർഗോ സർവീസുകളും നിർത്തലാക്കിയിട്ടില്ല. സന്ദർശക വീസക്കാരും വീസ റദ്ദാക്കി മടങ്ങുന്നവരും മാത്രമാണ് ഇപ്പോൾ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നത്. കേരളത്തിൽ കുടുങ്ങിയ താമസ വീസാ കാലാവധി കഴിഞ്ഞവരും ഉടൻ തീരാൻ പോകുന്നവരും കടുത്ത ആശങ്കയിലാണ്. എങ്കിലും, നേരത്തെ യുഎഇ ഗവൺമെന്റ് അനുവദിച്ചിരുന്നതുപോലെ സന്ദർശക വീസയും താമസ വീസയും കാലാവധി നീട്ടിക്കൊടുക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല