സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഭാഗികമായി നീക്കി. അസ്ട്രാസെനക അഥവാ കോവിഷീൽഡ്, സ്പുട്നിക്, ഫൈസർ, സിനോഫാം വാക്സീനുകളിൽ ഏതെങ്കിലും 2 ഡോസും എടുത്ത, താമസവീസയുള്ളവർക്ക് 23 മുതൽ ദുബായിൽ എത്താം. എന്നാൽ അബുദാബി ഉൾപ്പെടെ മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ദുബായിലേക്കുള്ള യാത്രാ വിലക്ക് പിൻവലിച്ചെങ്കിലും കോവാക്സീൻ കുത്തിവയ്പെടുത്തവർ ആശങ്കയിലാണ്. കോവിഷീൽഡും കോവാക്സീനുമാണ് ഇന്ത്യയിൽ കൂടുതൽ പേരും സ്വീകരിച്ചിട്ടുള്ളത്. യാത്രക്കാർ 48 മണിക്കൂറിനിടെയെടുത്ത ക്യുആർ കോഡോടു കൂടിയ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതിനു പുറമേ, പുറപ്പെടുന്ന വിമാനത്താവളത്തിൽ 4 മണിക്കൂറിനിടെ വീണ്ടും റാപ്പിഡ് പിസിആർ നടത്തിയ രേഖയും വേണം.
ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും പരിശോധന നടത്തും. ഇതിന്റെ ഫലം വരുന്നതു വരെയുള്ള 24 മണിക്കൂർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ കഴിയണം. റാപ്പിഡ് പിസിആർ, ക്വാറന്റീൻ ചെലവ് എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും. ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പു റപ്പെടുവിച്ച ഉത്തരവിൽ സന്ദർശക വീസ അനുവദിക്കുന്ന കാര്യവും പരാമർശിച്ചിട്ടില്ല. ഇവർ ഇനിയും കാത്തിരിക്കണമെന്നാണ് ദുബൈ അധികൃതർ പറയുന്നത്. നിലവിൽ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരാണ് എങ്കിലും റസിഡൻസ് വിസയില്ലാത്തവർക്ക് ദുബൈയിലേക്ക് വരാൻ കഴിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല