സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ കുത്തിവയ്പിന് ആവശ്യക്കാർ ഏറി. ഇതോടെ കുത്തിവയ്പിന് ബുക്കു ചെയ്താൽ ഒരു മാസത്തിലേറെ കാത്തിരിക്കേണ്ട സ്ഥിതിയുമായി. വാക്സീൻ കേന്ദ്രങ്ങളിൽ നേരിട്ടു പോയി ചോദിക്കുന്നവരോട് മാർച്ചിനു ശേഷം തരാമെന്ന് പറഞ്ഞ് വിടുകയാണ്. അറുപത് കഴിയുന്നവർക്കു മുൻഗണന നൽകുന്നുണ്ട്.
ആദ്യം മടിച്ചു നിന്നവരും ഇപ്പോൾ കുത്തിവയ്പിന് തയാറായി വരുന്നതോടെയാണ് ആവശ്യക്കാരുടെ എണ്ണം വർധിച്ചത്. വാക്സീൻ എടുത്തവർക്ക് മാത്രം സർക്കാർ ഓഫിസുകളിൽ പ്രവേശനം എന്ന നയം റാസൽഖൈമയിൽ വന്നു. വാക്സീൻ എടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് പിസിആർ പരിശോധനാ ഫലം കൂടെക്കൂടെ കാണിക്കേണ്ട സാഹചര്യവുമാണ്. ഇതുമൂലം ഉദ്യോഗസ്ഥരും വാക്സീൻ സ്വീകരിക്കാൻ മുന്നോട്ടു വരുന്നു. ഇതിനകം തന്നെ പല വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും മുഴുവൻ ജീവനക്കാർക്കും ക്ലിനിക്കുകളുമായി ചേർന്ന് വാക്സീൻ നൽകുന്നുണ്ട്.
സർക്കാർ ഉദ്യോഗസ്ഥർക്ക് വേഗം വാക്സീൻ സ്വീകരിച്ച് പോകാനുള്ള സൗകര്യം ചെയ്യണമെന്ന് പല ഹോസ്പിറ്റലുകൾക്കും നിർദേശവും നൽകി. തുടക്കത്തിൽ മടിച്ചു നിന്നവർ പലരും ഇപ്പോൾ വാക്സീൻ എടുക്കാൻ തയാറാകുന്നുണ്ട്. ഇക്കാരണങ്ങളാൽ വാക്സീൻ എടുക്കാനെത്തുന്നവരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചതായി വാക്സീൻ വിതരണ കേന്ദ്രങ്ങളിൽ ഉള്ളവരും വെളിപ്പെടുത്തുന്നു.
മാർച്ചോടെ ജനസംഖ്യയുടെ പകുതിയിലേറെപേർക്കും വാക്സീൻ നൽകണം എന്നതാണ് യുഎഇ തീരുമാനവും. ഇതോടെ കൊവിഡിനെതിരെ സമൂഹ പ്രതിരോധം ഉണ്ടായി വ്യാപനം തടയാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതുവരെ 35 ലക്ഷത്തിലധികം പേർക്ക് വാക്സീൻ നൽകിയതായി നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അധികൃതർ വ്യക്തമാക്കി.
യു.എ.ഇയിലെ സ്കൂളുകളും സർവകലാശാലകളും അബൂദബിയിലെ സ്വകാര്യ സ്കൂളുകളും 14 മുതൽ പ്രവർത്തനം പുനരാരംഭിക്കും. വിദ്യാലയങ്ങളിൽ ക്ലാസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കാനാവുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, ഓൺലൈൻ പഠനം തുടരാൻ താൽപര്യമുള്ളവർക്ക് ഈ അധ്യയനവർഷം കഴിയുന്നതുവരെ അതിന് അനുമതി നൽകും. ഓൺലൈനും ക്ലാസ്മുറി പഠനവും സമ്മിശ്രമായി തുടരാനുള്ള സൗകര്യവുമുണ്ടാകും.ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ ആഗസ്റ്റിലാവും വ്യക്തിഗത ക്ലാസുകൾ പുനരാരംഭിക്കുക.
കോവിഡ് കേസുകളുടെ എണ്ണത്തിലെ വർധനയാണ് കാരണം. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ പാലിക്കേണ്ട സുരക്ഷമുൻകരുതലുകൾ അവലോകനം ചെയ്യുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്തു.വിദ്യാഭ്യാസ സ്ഥാപനാധികാരികളുടെ ശിപാർശകളും വിദ്യാർഥികളുടെയും മാതാപിതാക്കളുടെ ആഗ്രഹങ്ങളും കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ജീവനക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്കൂളുകൾക്കായി പ്രോട്ടോക്കോൾ തയാറാക്കിയതായി അബൂദബി അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല