സ്വന്തം ലേഖകന്‍: യുഎഇയില്‍ 20 ശതമാനം പേര് പ്രമേഹ ബാധിതരെന്ന് ആരോഗ്യ മന്ത്രാലയം, ബോധവല്‍ക്കരണം ശക്തമാക്കാന്‍ തീരുമാനം. പ്രമേഹത്തിന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, സ്കൂളുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ മന്ത്രാലയ അധികൃതര്‍.
യുഎഇയില്‍ ഇരുപത് വയസിന് മുകളിലുള്ള വരില്‍, 20 ശതമാനം പേര്‍ക്ക് പ്രമേഹ രോഗം ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ ദുബൈ മേഖലയുടെ ബോധവല്‍ക്കരണ പരിപാടികളുടെ മേധാവി സാലെ അഹമ്മദ് മുഹമ്മദ് അല്ബദാവിയാണ്, ഇക്കാര്യം അറിയിച്ചത്.
മോശം ഭക്ഷണക്രമം, വ്യായാമ കുറവ്, ഭക്ഷണത്തില്‍ ഇലവര്‍ഗങ്ങളുടെ കുറവ്, പുകവലി എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളെന്നും അല്‍ ബദാവി പറഞ്ഞു. യുഎഇ ഭരണക്കൂടം ഈ വിഷയത്തിന് വലിയ പരിഗണനയാണ് നല്‍കുന്നത്. ഇതിനായി , പ്രത്യേക നയം രൂപീകരിച്ചിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ, വിവിധ തലങ്ങളില്‍ മികച്ച ബോധവല്‍ക്കരണം ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു.
നിലവില്‍, അറബ് സമൂഹത്തിന് ഇടയിലാണ് പ്രമേഹ രോഗം കൂടുതലായി കണ്ടു വരുന്നത്. ബോധവല്ക്കരണത്തില്, ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശ സമൂഹത്തിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കുമെന്നും അദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല