സ്വന്തം ലേഖകൻ: തെറ്റിയ വഴിയിലേക്കു തിരിച്ചെത്താൻ വാഹനം റിവേഴ്സ് എടുക്കുന്നതു നിയമവിരുദ്ധമാണെന്ന് ഗതാഗത വിഭാഗം അറിയിച്ചു. നിയമലംഘകർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. അശ്രദ്ധയോടെ വാഹനം പിറകോട്ട് എടുത്തതുമൂലം (റിവേഴ്സ്) ഉണ്ടാകുന്ന ഗുരുതര അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണ് നടപടി.
വഴി തെറ്റിയാൽ പരിഭ്രമിക്കാതെ മുന്നോട്ടുതന്നെ പോയി ഏറ്റവും അടുത്ത് ലഭിക്കുന്ന യു–ടേൺ എടുത്ത് തിരിച്ചുവരാം. കഴിഞ്ഞ വർഷം ഇത്തരത്തിൽ 56 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 29 എണ്ണം ദുബായിലാണ്. അബുദാബിയിൽ 16, ഷാർജ 5, അജ്മാൻ 4 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.
പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനം പിറകോട്ട് എടുക്കുമ്പോഴും അതീവ ജാഗ്രത പാലിക്കണം. വഴിയാത്രക്കാരും കുട്ടികളും ഇങ്ങനെ മരിച്ച സംഭവങ്ങളുണ്ട്. വാഹനത്തിന്റെ മിററിൽ നോക്കി മനുഷ്യരും മൃഗങ്ങളും മറ്റു മാർഗതടസ്സങ്ങളും ഇല്ലെന്നു ഉറപ്പുവരുത്തിയ ശേഷമായിരിക്കണം വാഹനം പിറകോട്ട് എടുക്കേണ്ടത്.
ഈ സമയത്ത് വാഹനത്തിന്റെ ഗ്ലാസുകളും തുറന്നിടുന്നത് ശബ്ദം കേൾക്കാൻ സഹായിക്കും. ഗ്ലാസ് അടച്ചും റേഡിയോ പ്രവർത്തിപ്പിച്ചും മൊബൈലിലോ സ്ക്രീനിലോ ദൃശ്യങ്ങൾ നോക്കിയും വാഹനം ഓടിക്കുന്നത് അപകടമുണ്ടാക്കുമെന്ന് സൂചിപ്പിച്ചു. ഇതേസമയം പാർക്കിങ്ങിൽ കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്ന് രക്ഷിതാക്കളോടും ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല