സ്വന്തം ലേഖകൻ: ലൈസൻസില്ലാ ഡ്രൈവർമാർ കഴിഞ്ഞ ഒരു വർഷം രാജ്യത്തെ റോഡുകളിൽ ഉണ്ടാക്കിയത് 53 അപകടങ്ങൾ. ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുന്നത് ഗുരുതരമായ കുറ്റമാണെങ്കിലും ചെയ്യുന്ന തെറ്റിന്റെ ഗൗരവം മനസ്സിലാക്കാതെ പലരും റോഡുകളിൽ വാഹനങ്ങളുമായി ഇറങ്ങുകയാണ്.
3 വർഷം വരെ തടവും 5000 ദിർഹം പിഴയും ലഭിക്കുന്ന കുറ്റമാണിത്. നിശ്ചിത വാഹനത്തിന്റെ ലൈസൻസ് ഇല്ലാതെ ഏതെങ്കിലും ലൈസൻസ് ഉപയോഗിച്ചു എല്ലാ വണ്ടിയും ഓടിക്കാൻ ശ്രമിക്കരുത്. ലഘുവാഹന ലൈസൻസ് ഉപയോഗിച്ച് ഹെവി വാഹനം ഓടിച്ചാൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനു തുല്യമായ കുറ്റമായിരിക്കുമത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം എടുത്ത് റോഡിലിറങ്ങുന്നത് ഗുരുതര ഗതാഗത പ്രശ്നങ്ങൾക്കു കാരണമാകുന്നു. നിരത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്നോ അടിസ്ഥാന ഡ്രൈവിങ് പാഠങ്ങൾ എന്തെന്നോ അറിയാതെ വണ്ടിയെടുത്ത് ഇറങ്ങുന്ന കുട്ടികൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണ്.
ഡ്രൈവിങ് പരിചയമില്ലാത്ത കുട്ടികളുടെ കയ്യിൽ വണ്ടി കൊടുക്കുന്ന മാതാപിതാക്കളും ഗുരുതര തെറ്റാണ് ചെയ്യുന്നത്. 3 സ്വദേശി കുട്ടികളും അവരുടെ സഹായിയും മരിക്കാനിടയായ അപകടം ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന്റെ ഫലമായിരുന്നെന്ന് പൊലീസ് ഓർമിപ്പിച്ചു.
സ്വദേശികൾക്ക് ലൈസൻസ് ലഭിക്കാൻ നിശ്ചിത പ്രായവും വാഹനമോടിക്കാനുള്ള ശാരീരികക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുമാണ് വേണ്ടത്. വിദേശികൾക്ക് ഇതേ മാനദണ്ഡങ്ങൾക്ക് പുറമേ കാലാവധിയുള്ള താമസ – തൊഴിൽ വീസ വേണം.
റോഡ് ടെസ്റ്റിൽ വിജയിച്ചാൽ സ്വദേശികൾക്ക് 10 വർഷം കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസും വിദേശികൾക്ക് 5 വർഷ ലൈസൻസുമാണ് നൽകുക. വിദേശികൾക്ക് പുത്തൻ ലൈസൻസിന്റെ കാലാവധി രണ്ട് വർഷമായിരിക്കും. പുതുക്കുന്ന സമയത്താണ് 5 വർഷ ലൈസൻസ് ലഭിക്കുക. 18 വയസ്സാണ് ലൈസൻസ് ലഭിക്കാനുള്ള പ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല