സ്വന്തം ലേഖകന്‍: യുഎഇയില്‍ പൊടിക്കാറ്റ് രൂക്ഷം, അന്തരീക്ഷം മൂടിക്കെട്ടിയ നിലയില്‍, ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. പൊടിപടലങ്ങളും ഈര്‍പ്പവും കൂടിയതാണ് അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാകാന്‍ കാരണം. ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷണമുണ്ട്. ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വടക്കുപടിഞ്ഞാറന്‍ കാറ്റാണ് രാജ്യത്തേക്ക് മണലും പൊടിപടലങ്ങളും വഹിച്ചുകൊണ്ടുവരുന്നത്. ഇതുമൂലം ദൂരക്കാഴ്ച ഒന്നരകിലോമീറ്റര്‍ വരെയായി കുറഞ്ഞതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രതിനിധി വ്യക്തമാക്കി. വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സമാനമായ അന്തരീക്ഷമായിരിക്കും ഈ രണ്ടുദിവസങ്ങളിലും അനുഭവപ്പെടുക. കിഴക്കന്‍ മേഖലയില്‍ പ്രകടമായ രീതിയില്‍ പൊടിയും മൂടിക്കെട്ടും അനുഭവപ്പെടും. കിഴക്കുദിശയിലേക്ക് മാറുന്ന കാറ്റ് കൂടുതല്‍ ശക്തിയുള്ളതും സമാനമായ തോതില്‍ പൊടിപടലങ്ങള്‍ വഹിക്കുന്നതുമായിരിക്കും. ഗള്‍ഫ് കടലിലും ഒമാന്‍ കടലിലും 55 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. അതുകൊണ്ടുതന്നെ കടല്‍ പ്രക്ഷുബ്ധമാകും. തിരകള്‍ രണ്ടുമീറ്റര്‍ വരെ ഉയരാനിടയുണ്ട്.
അടുത്ത രണ്ടുദിവസങ്ങളില്‍ ഒറ്റപ്പെട്ട രീതിയില്‍ മഴയ്ക്ക് സാധ്യതയുള്ളതായി നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു. ഫുജൈറ, വടക്കന്‍ എമിറേറ്റുകള്‍ അടക്കമുള്ള മേഖലകളില്‍ ഇടിയോടുകൂടിയ മഴ പെയ്യാനിടയുണ്ട്. വെള്ളിയാഴ്ച അബുദാബിയിലും പരിസരങ്ങളിലുമായി ഉയര്‍ന്നതോതില്‍ അന്തരീക്ഷ ഈര്‍പ്പം അനുഭവപ്പെടും. ഇക്കഴിഞ്ഞ ആഴ്ചയില്‍ ഈര്‍പ്പം 95 ശതമാനംവരെ ഉയര്‍ന്നിരുന്നു.
അന്തരീക്ഷത്തിലെ ഈര്‍പ്പവും ഉയര്‍ന്ന തോതിലുള്ള പൊടിപടലങ്ങളും ആസ്ത്മ അടക്കമുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഉയര്‍ന്ന ഈര്‍പ്പം ഹൃദ്രോഗികളെ ദോഷകരമായി ബാധിക്കാനിടയുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല