1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2023

സ്വന്തം ലേഖകൻ: യുഎഇ പൗരന്മാർക്കും താമസക്കാർക്കും അവരുടെ ബയോമെട്രിക്‌സ് വിവരങ്ങൾ നൽകുന്നതിനും എമിറേറ്റ്‌സ് ഐഡി അല്ലെങ്കിൽ യുഎഇ പാസ്‌പോർട്ടുകൾ സ്വയം സേവന കിയോസ്‌ക് മെഷീനുകളിലൂടെ മിനിറ്റുകൾക്കുള്ളിൽ ലഭ്യമാകുന്ന സംവിധാനം ഒരുങ്ങുന്നു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ‘ബയോമെട്രിക് സെൽഫ്-എൻറോൾമെന്റ് സ്റ്റേഷൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഗിറ്റെക്സ് 2023-ൽ അവതരിപ്പിച്ചിരുന്നു.

കിയോസ്‌ക് സേവനത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്, അപ്പോയിന്റ്‌മെന്റിനായി കാത്തിരിക്കേണ്ടതില്ലെന്നതാണ്. എമിറേറ്റ്‌സ് ഐഡിക്കും പാസ്പോർട്ടിനുമായി 24/7 ആക്‌സസ് ചെയ്യാവുന്ന ഒരു കിയോസ്‌കിൽ മാത്രം പോയാൽ മതിയാകും. ഇത് ആളുകൾക്ക് സ്വയം ചെയ്യുന്നതിന് സാധിക്കും. വിരലടയാളം സ്‌കാൻ ചെയ്യാനും ഫൊട്ടോകൾ എടുക്കാനും വ്യക്തിയുടെ ഉയരത്തിനനുസരിച്ച് വേണ്ട രീതിയില്‌ ക്രമീകരിക്കാൻ മോഷൻ സെൻസറുകളും ഹൈഡ്രോളിക് സംവിധാനവും മെഷീനിലുണ്ട്. അടുത്ത വർഷം ഇത് യുഎഇയിൽ നടപ്പിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യം, ഓൺലൈനായി എമിറേറ്റ്‌സ് ഐഡിയോ പാസ്‌പോർട്ടോ പുതുക്കുന്നതിനോ ഇഷ്യൂ ചെയ്യുന്നതിനോ ഉള്ള അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം വേണം കിയോസ്കിലേക്ക് പോകുന്നതിന്. നിങ്ങൾക്ക് ‘UAEICP’ മൊബൈൽ ആപ്പ് അല്ലെങ്കിൽ സ്മാർട്ട് സേവന പ്ലാറ്റ്ഫോം വഴി ആപ്ലിക്കേഷൻ പൂർത്തിയാക്കാം – smartservices.icp.gov.ae . അത് പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ക്യുആർ കോഡും കിയോസ്‌കുകളുടെ ലൊക്കേഷനുകളും അടങ്ങിയ റജിസ്‌ട്രേഷൻ ഫോമും ലഭിക്കും.കിയോസ്കിൽ എത്തിയാൽ ഈ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാം അല്ലെങ്കിൽ പാസ്പോർട്ട് സ്കാൻ ചെയ്യുന്നതിനും സാധിക്കും.

കിയോസ്‌ക് നിങ്ങളുടെ വിശദാംശങ്ങൾ ഐസിപി സിസ്റ്റത്തിൽ നിന്ന് വീണ്ടെടുക്കും. തുടർന്ന് നിങ്ങളുടെ ഉയരം സെന്റിമീറ്ററിൽ രേഖപ്പെടുത്തണം. ഇനി അഥവാ ഉയരം അറിയില്ലെങ്കിലോ തെറ്റായ ഉയരം നൽകുകയോ ചെയ്താലും പേടിക്കേണ്ട. അതിനും പരിഹാരമുണ്ട്. കിയോസ്കിൽ ഇൻ-ബിൽറ്റ് സെൻസറുകൾ ഉണ്ട്, അത് നിങ്ങളുടെ ഉയരം കണ്ടെത്തും അതിനുശേഷം, ക്യാമറ നിങ്ങളുടെ ഉയരത്തിനനുസരിച്ച് സ്വയം സജ്ജമാക്കുകയും പാസ്‌പോർട്ട് വലുപ്പത്തിലുള്ള ഫോട്ടോ എടുക്കുകയും ചെയ്യും.

തുടർന്ന് ബയോമെട്രിക്സ് പ്രക്രിയ ആരംഭിക്കണം. സ്ക്രീനിൽ വേണ്ട നിർദ്ദേശങ്ങൾ തെളിയും. നിങ്ങൾ 15 വയസ്സിന് മുകളിലുള്ള ആളാണെങ്കിലോ എമിറേറ്റ്‌സ് ഐഡി പുതുക്കുകയോ യുഎഇയിൽ ആദ്യമായി എത്തിയ വ്യക്തിക്ക് എമിറേറ്റ്‌സ് ഐഡിക്ക് ആദ്യമായി അപേക്ഷിക്കുകയോ ആണെങ്കിൽ, നിങ്ങളുടെ ബയോമെട്രിക്‌സ് റജിസ്റ്റർ ചെയ്യണം. ബയോമെട്രിക്‌സ് ഇതിനകം തന്നെ സിസ്റ്റത്തിൽ ഉണ്ടെങ്കിൽ, അവ വ്യക്തമല്ലെങ്കിലോ മറ്റ് സുരക്ഷാ കാരണങ്ങളാലോ അത് വീണ്ടും റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടേക്കാം.

നിങ്ങളുടെ ഒപ്പിട്ട് വേണം വിശദാംശങ്ങൾ ഐസിപിക്ക് സമർപ്പിക്കാനായിട്ട്. ഇതിനായി ഇലക്ട്രോണിക് പേന ഉപയോഗിച്ച് നിങ്ങളുടെ ഇ-സിഗ്നേച്ചർ നൽകണം.എല്ലാം ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ വിശദാംശങ്ങൾ ഐസിപി പരിശോധിച്ചുറപ്പിക്കും, കൂടാതെ നിങ്ങളുടെ വിലാസത്തിൽ നിങ്ങളുടെ എമിറേറ്റ്സ് ഐഡി എത്തിച്ച് നൽകും.

കിയോസ്‌കുകൾ ഉടൻ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ചെയ്യാവുന്ന സ്ഥലങ്ങളിൽ അവ സ്ഥാപിക്കാനും ഐസിപി പദ്ധതിയിടുന്നു. ഈ മെഷീനുകൾ മാളുകളിലും വിമാനത്താവളങ്ങളിലും ആളുകൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന മറ്റ് പൊതു സ്ഥലങ്ങളിലും സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.