സ്വന്തം ലേഖകൻ: അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഡിസംബര്‍ 31നകം രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഓര്‍മിപ്പിച്ച് യുഎഇ മാനവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഒരു സ്വദേശിയുടെ കുറവിന് ഒരു വര്‍ഷത്തേക്ക് 84,000 ദിര്‍ഹം (19 ലക്ഷം രൂപ) എന്ന തോതിലാണ് പിഴ ഈടാക്കുക. സമയപരിധി അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.
സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നിശ്ചിത ഘട്ടങ്ങള്‍ മന്ത്രാലയം നേരത്തേ നിശ്ചയിച്ചുനല്‍കിയിരുന്നു. 2022ലെ നിയമപ്രകാരം അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 2023ല്‍ രണ്ടു ശതമാനം സ്വദേശികളെയാണ് ജോലിക്ക് എടുക്കേണ്ടത്. ഈ ലക്ഷ്യവും രണ്ട് ഘട്ടമായി വിഭജിച്ചിരുന്നു. ആദ്യ ആറു മാസത്തിനുള്ളില്‍ ഒരു ശതമാനവും ശേഷിക്കുന്ന ആറു മാസത്തിനുള്ളില്‍ ഒരു ശതമാവുമാണ് സ്വദേശിവത്കരണം.
ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ട സ്ഥാപനങ്ങള്‍ക്ക് 2024 ജനുവരി മുതലാണ് പിഴ ചുമത്തുക. ഇതുവരെയും ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാത്ത കമ്പനികള്‍ക്ക് ‘നാഫിസ്’ പ്ലാറ്റ്‌ഫോം വഴി യോഗ്യരായ യുഎഇ പൗരന്മാരെ കണ്ടെത്തി നിയമിക്കാം. വ്യാജമായി ജോലിക്കാരെ പേ റോളില്‍ ചേര്‍ക്കുന്നത് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ സ്വദേശിവത്കരണ നിയമം ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
ഒരു സ്വദേശിയുടെ കുറവിന് ഒരു മാസം 7,000 ദിര്‍ഹം എന്ന തോതിലാണ് പിഴ നല്‍കേണ്ടത്. ഒരു വര്‍ഷം തികയുമ്പോള്‍ പിഴത്തുക 84,000 ദിര്‍ഹമായി മാറും. പിഴസംഖ്യ 1,000 ദിര്‍ഹം വീതം ഓരോ വര്‍ഷവും വര്‍ധിക്കുകയും ചെയ്യും. അതായത് 2024ല്‍ ഒരു സ്വദേശിയുടെ കുറവുണ്ടായാല്‍ 2025 മുതല്‍ മാസത്തില്‍ 8,000 ദിര്‍ഹം തോതില്‍ 96,000 ദിര്‍ഹമാണ് പിഴ. കൂടുതല്‍ ജീവനക്കാരുടെ കുറവു വന്നാല്‍ അതിനനുസരിച്ച് പിഴത്തുകയും ഉയരും. സ്ഥാപനം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ സ്വദേശികളെ നിര്‍ബന്ധിതരാക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍.
രാജ്യത്തെ 18,000 കമ്പനികള്‍ സ്വദേശിവത്കരണം നടപ്പാക്കിയെന്ന് അടുത്തിടെ മന്ത്രാലയം വെളിപ്പെടുത്തിയിരുന്നു. രണ്ടു ശതമാനം സ്വദേശികളെ 2026 വരെ എല്ലാ വര്‍ഷവും ജോലിക്ക് നിയോഗിക്കണമെന്നാണ് നിയമം. അടുത്ത വര്‍ഷം മുതല്‍ 20 ജീവനക്കാരുള്ള സ്ഥാപനങ്ങളും സ്വദേശിവത്കരണം പാലിക്കേണ്ടതുണ്ട്. 14 വിഭാഗങ്ങളില്‍ പെടുന്ന സ്ഥാപനങ്ങളെയാണ് ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2022 ലെ ലക്ഷ്യം കൈവരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ ഈ വര്‍ഷം അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല