സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ വ്യാജ സ്വദേശിവൽക്കരണ ജോലികളിലൂടെ നാഫിസിന്റെ സാമ്പത്തിക സഹായം നേടിയ സ്വദേശികളിൽ നിന്ന് 23.2 കോടി ദിർഹം തിരിച്ചു പിടിച്ചതായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സ്വദേശിവൽക്കരണ ലക്ഷ്യം നേടുന്നതിനായി സ്വകാര്യ കമ്പനികൾ വ്യാജ നിയമനം നടത്തുന്നതായും, ഇത്തരം നിയമനങ്ങൾക്ക് കൂട്ടു നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
സ്വകാര്യ മേഖലയിൽ സ്വദേശികളുടെ തൊഴിൽ പ്രാതിനിധ്യം ഉറപ്പിക്കാൻ നടപ്പാക്കുന്ന പദ്ധതിയിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നു മന്ത്രാലയം അറിയിച്ചു. സ്വദേശികളുടെ തൊഴിൽ ശേഷി വർധിപ്പിക്കാനും തൊഴിൽ വിപണിയിൽ മൂല്യമുള്ള ഇമറാത്തി ജീവനക്കാരെ സൃഷ്ടിക്കാനും നടപ്പാക്കുന്ന സ്വദേശിവൽക്കരണ പരിപാടികൾ ഗൗരവത്തോടെ എടുത്തില്ലെങ്കിൽ നടപടി കടുപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്.
സ്വദേശിവൽക്കരണം നടപ്പാക്കുകയും വേതന സംരക്ഷണ സംവിധാനത്തിലൂടെ (ഡബ്ല്യുപിഎസ്) ശമ്പളം കൈമാറുകയും ചെയ്യുന്ന കമ്പനികളെ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. പദ്ധതിയോടെ സഹകരിക്കുന്നവരെയും അല്ലാത്തവരെയും തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. ഇതിനു പുറമേ കമ്പനികളിൽ നേരിട്ടു പരിശോധനയ്ക്കുള്ള സംഘവും മന്ത്രാലയത്തിനുണ്ട്. അവർ സ്ഥാപനങ്ങൾ സന്ദർശിച്ചു സ്വദേശികൾ ജോലി ചെയ്യുന്നതു പരിശോധിച്ച് ഉറപ്പാക്കുമെന്നും അധികൃതർ പറഞ്ഞു.
വ്യാജ സ്വദേശിവൽക്കരണം നടപ്പാക്കിയാൽ നിയമ നടപടി സ്വീകരിക്കും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും അവർക്കു തൊഴിൽ നൽകുന്ന സ്വകാര്യ കമ്പനികൾക്കും മന്ത്രാലയത്തിനു കീഴിലുള്ള നാഫിസ് വഴി സാമ്പത്തിക സഹായം നൽകുന്നുണ്ട്.
മാത്രമല്ല, കൃത്യമായി സ്വദേശിവൽക്കരണം നടപ്പാക്കുന്ന കമ്പനികളെ മന്ത്രാലയത്തിന്റെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തും. ഇവർക്ക് ആനുകൂല്യങ്ങൾക്ക് പുറമെ, സർക്കാർ സേവനങ്ങളിൽ ഇളവും ലഭിക്കും.
സ്വദേശിവൽക്കരണം പ്രോൽസാഹിപ്പിക്കാൻ നൽകുന്ന ആനുകൂല്യങ്ങളാണ് വ്യാജ ഇടപാടിലൂടെ ചിലർ തരപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള സഹായങ്ങൾ അനധികൃതമായി കൈപ്പറ്റിയവരിൽ നിന്നാണ് കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ തുക തിരികെ ഈടാക്കിയത്.
വ്യാജ സ്വദേശിവൽക്കരണത്തിനു കൂട്ടു നിൽക്കരുതെന്ന് മന്ത്രാലയം എല്ലാവരോടും അഭ്യർഥിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പരിലോ സ്മാർട് ആപ്ലിക്കേഷനിലോ അറിയിക്കാം. ഇതിനോടകം 436 കമ്പനികൾ വ്യാജ സ്വദേശിവൽക്കരണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികളും പിഴ ഇടാക്കാനുള്ള നടപടികളും ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല