
സ്വന്തം ലേഖകൻ: അബുദാബിയിൽനിന്ന് ദുബായിലേക്കുള്ള യാത്രാസമയം വെറും 50 മിനിറ്റ്, അബുദാബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റ് മാത്രം. ഇത്തരത്തിൽ ഇത്തിഹാദ് യാത്രാത്തീവണ്ടി ഓടിത്തുടങ്ങുന്നതോടെ യുഎഇ ഗതാഗത ശൃംഖലയുടെ മുഖം പാടെമാറും.
നിലവിൽ രണ്ടുംമൂന്നും മണിക്കൂറുകൾ യാത്ര ചെയ്തെത്താവുന്ന എമിറേറ്റുകളെല്ലാം കൂടുതലടുക്കും. അതോടെ റോഡിലെ ഗതാഗതത്തിരക്കും കാര്യമായി കുറയും. വാഹനാപകടങ്ങൾ 90 ശതമാനവും ഇല്ലാതാവുകയും ചെയ്യും.
ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യാത്രക്കാർക്കുള്ള ആദ്യത്തെ റെയിൽവേസ്റ്റേഷൻ ഫുജൈറയിലാണ് നിർമിച്ചിരിക്കുന്നത്. 200 കിലോമീറ്റർ വേഗതയാണ് യാത്രാവണ്ടികൾക്കുണ്ടാവുക. ഫുജൈറയിൽനിന്ന് ഒമാനിലേക്കും തീവണ്ടിയോടും. ഇതിനുള്ള നിർമാണപ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.
ഇത്തിഹാദ് റെയിലും ഉബറും തമ്മിൽ കഴിഞ്ഞ മേയിൽ ഒപ്പുവെച്ച കരാർപ്രകാരം തീവണ്ടി യാത്രക്കാർക്ക് മാത്രമായി ഉബർ സർവീസുകൾ ലഭിക്കും. യാത്രക്കാരെ സ്റ്റേഷനിൽ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമെല്ലാം ഉബറുണ്ടാകും.
ഇതിനുപുറമെ ദുബായ് മെട്രോ സ്റ്റേഷനുകളെയും റെയിൽവേ ലൈനുമായി ബന്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. യാത്രക്കാർക്ക് സ്വകാര്യവാഹനങ്ങളിലെത്തി അവ പാർക്കുചെയ്ത് മെട്രോയിൽ കയറി റെയിൽവേ സ്റ്റേഷനിലെത്താവുന്നപദ്ധതിയാണ് ദുബായ് മെട്രോയുമായി ചേർന്ന് നടപ്പാക്കുന്നത്.
ഇത്തിഹാദ് റെയിൽപദ്ധതിയുടെ അന്തിമലക്ഷ്യം എല്ലാ ഗൾഫ് രാജ്യങ്ങളെയും റെയിൽവേശൃംഖലവഴി ബന്ധിപ്പിക്കുകയാണ്. 2030 ആകുമ്പോഴേക്കും റെയിൽവഴിയുള്ള യാത്രാക്കാർ 3.6 കോടിയായേക്കുമെന്നാണ് കണക്കുകൂട്ടൽ.
ചരക്കുനീക്കം ആറ്ു കോടി ടൺ വരെയായേക്കും. ചരക്കുതീവണ്ടികൾക്ക് 120 കിലോമീറ്റർ വേഗമാണ് കണക്കാക്കുന്നത്. ചരക്കുവണ്ടി ഇതിനകം ഓടിത്തുടങ്ങിയിട്ടുണ്ട്. ഈ വർഷംമാത്രം രണ്ടുകോടി ടൺ ചരക്ക് കൊണ്ടുപോകുമെന്നാണ് കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല