
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി കുറയുകയും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ യു.എ.ഇ വിസ നിയമങ്ങളിൽ ഭേദഗതി. ജുലൈ 12 മുതൽ വിസയുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഈടാക്കാൻ മന്ത്രിസഭ അനുമതി നൽകി.
പ്രവാസികളുടെ താമസ വിസ, എൻട്രി പെർമിറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച മുഴുവൻ തീരുമാനങ്ങളും നാളെ മുതൽ നിർത്തുകയാണെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ട്വീറ്റ് ചെയ്തു. എന്നാൽ, ഡിസംബർ വരെ കാലാവധി നീട്ടി നൽകിയ വിസിറ്റ് വിസക്കാർക്കും മറ്റും പുതിയ ഭേദഗതി ബാധകമാകുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.
ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് നിന്ന താമസവിസക്കാർക്ക് മടങ്ങിയെത്താനും രേഖകൾ ശരിയാക്കാനും ഗ്രേസ് പിരിയഡ് അനുവദിക്കും.
മാർച്ച് ഒന്നോടെ താമസവിസയുടെ കാലാവധി തീർന്ന, രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കും യു.എ.ഇക്ക് പുറത്ത് ആറ് മാസത്തിലേറെയായി തുടരുന്നവർക്കും തിരിച്ചുവരാൻ ഗ്രേസ് പിരിയഡ് അനുവദിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാനസർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും ഗ്രേസ് പിരിയഡ് തീരുമാനിക്കുക.
ഈ കാലയളവിൽ തിരിച്ചുവരുന്നവർക്ക് പിഴ ബാധകമല്ല. എന്നാൽ, മറ്റ് അഡ്മിനിസ്ട്രേറ്റീവ് ഫീസുകളും പിഴകളും ജൂലൈ 12 മുതൽ നിലവിൽ വരും. രാജ്യത്തിന് അകത്തുള്ള താമസവിസക്കാർക്ക് രേഖകൾ ശരിയാക്കാൻ മൂന്ന് മാസം സമയം അനുവദിക്കും. ആറ് മാസത്തിൽ താഴെ രാജ്യത്തിന് പുറത്തുനിൽക്കുന്ന റെസിഡൻറ് വിസക്കാർക്ക് ഒരുമാസം ഗ്രേസ് പിരിയഡ് അനുവദിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല