സ്വന്തം ലേഖകൻ: കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ യു.എ.ഇയിലേക്കുള്ള യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ അനുമതി തേടണമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിൽ പാസ്പോർട്ടുകളിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നു. എയർ ഇന്ത്യ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ പാസ്പോർട്ട് പുതുക്കിയാലും വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാറില്ല. വിസ പഴയ പാസ്പോർട്ടിൽ തന്നെയായിരിക്കും. ഇങ്ങനെയുള്ളവർ യാത്ര ചെയ്യുമ്പോൾ ജി.ഡി.ആർ.എഫ്.എയുടെ അനുമതി വേണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
അതേസമയം പ്രവാസികള്‍ക്ക് താമസ രേഖയായി പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന താമസവിസ ഇനി ആവശ്യമില്ല. വിസ സ്റ്റാമ്പിംഗ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനം നിലവില്‍ വന്നതോടെയാണിത്. ഇനി മുതല്‍ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി മാത്രം മതിയാകും.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സമയവും അധ്വാനവും പുതിയ പരിഷ്‌ക്കാരം നടപ്പിലായതോടെ 30 മുതല്‍ 40 ശതമാനം കണ്ട് കുറയുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. വിശദമായ പഠനത്തിന് ശേഷമാണ് താമസ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ അതോറിറ്റി തീരുമാനം എടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. താമസ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല