സ്വന്തം ലേഖകൻ: യുഎഇയിലോ വിദേശത്തോ വച്ച് തൊഴിൽ ഓഫറുകൾ ലഭിക്കുന്നവർ സ്ഥാപനങ്ങൾ നിലനിൽക്കുന്നതാണെന്ന് ഉറപ്പു വരുത്തണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകി. ടൂറിസ്റ്റ് വീസകളിൽ തൊഴിലെടുക്കുന്നതു രാജ്യത്ത് അനുവദനീയമല്ല. ഇപ്രകാരം ജോലി ചെയ്യുന്നവർ പിടിക്കപ്പെട്ടാൽ കമ്പനിക്ക് വൻതുക പിഴയും നിയമം ലംഘിച്ച് തൊഴിലെടുത്തവരെ നാടുകടത്തുകയും ചെയ്യും.
നിയമനത്തിന്റെ മുന്നോടിയായി ലഭിക്കുന്ന ഓഫർ ലറ്ററുകളും തൊഴിൽ കരാർ പകർപ്പുകളും ഔദ്യോഗികമാണോ എന്നു പരിശോധിച്ച് ഉറപ്പാക്കണം. അതതു രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾ വഴിയും ഇതു സാധിക്കും. തൊഴിൽ ദായകരായ കമ്പനികളുടെ ടെലിഫോൺ നമ്പറുകൾ നൽകി മന്ത്രാലയത്തിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്താം. തൊഴിൽ പെർമിറ്റുകൾ ഇ-മെയിൽ വഴി അയച്ച് മന്ത്രാലയത്തിൽ നിന്നും കൃത്യത ഉറപ്പു വരുത്താം. വീസ യുഎഇയിലെ ഏതു എമിറേറ്റിൽ നിന്നും നൽകിയതാണെന്നും ഇതുവഴി അറിയാനാകും. എയർലൈൻസുകൾ വഴി നൽകുന്ന വിവിധ ഇനം വീസകളിൽ വരുന്നവർക്ക് യുഎഇയിൽ തൊഴിലെടുക്കാൻ അനുമതിയില്ല.
ഫ്രീ വീസ എന്നതു യുഎഇയിൽ നിലവിലില്ല. ഇതു ആളുകളെ കബളിപ്പിക്കാൻ ചിലർ ഉപയോഗിക്കുന്ന പ്രയോഗം മാത്രമാണ്. ഒരാളുടെ വീസാ നടപടികൾ പൂർത്തീകരിക്കണമെങ്കിൽ വീസ ലഭിച്ച വ്യക്തി യുഎഇയിൽ വേണമെന്നതും വ്യവസ്ഥയാണ്. വിദേശത്തുള്ള വ്യക്തിക്ക് പാസ്പോർട്ടിൽ വീസ പതിപ്പിക്കുന്ന പതിവുമില്ല. യുഎഇ തൊഴിൽ നിയമപ്രകാരം തൊഴിലുടമകളാണ് വീസാ ചെലവുകൾ വഹിക്കേണ്ടതെന്നും അധികൃതർ ഓർമിപ്പിച്ചു.
വിവിധ തസ്തികകളിലേക്ക് ജോലിയും വീസയും മികച്ച വേതനവും വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെ തുടർന്നാണ് നടപടി. പതിനായിരം ദിർഹം മാസ വേതനവും അനുബന്ധ തൊഴിൽ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് പല പരസ്യങ്ങളും. വീസ ലഭിക്കാൻ ഗഡുക്കളായി 25000 ദിർഹം വരെയാണ് റിക്രൂട്ടിങ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്.
ഫ്രീ വിസ, വിസിറ്റ്, ടൂറിസ്റ്റ് വീസകൾക്ക് പുറമെ സംരഭകർക്ക് യുഎഇ നൽകുന്ന നിക്ഷേപക വീസയും ലഭിക്കുമെന്നാണ് ഉറവിടം അറിയാത്ത ഓൺലൈൻ മാധ്യമങ്ങളുടെ വാഗ്ദാനം. ഒരു വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ളതാണ് വ്യാജ വിലാസത്തിൽ വിദേശികളെ ‘ദുബായിലേക്ക് സ്വാഗതം’ ചെയ്യുന്ന വീസകൾ. സ്വകാര്യ മേഖലയിൽ നിയമിക്കാൻ ലക്ഷ്യമിട്ടുളള തസ്തികകൾ കൂടുതലും അബുദാബി, ദുബായ് എമിറേറ്റുകളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല