1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് വീസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രവാസികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് (ജിഡിആര്‍എഫ്എ) ദേരയില്‍ ആരംഭിച്ച സഹായ കേന്ദ്രം ജനത്തിരക്ക് കാരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ഹോംലാന്റ് ഫോര്‍ ഓള്‍ എന്ന പേരില്‍ ദേരയിലെ സിറ്റി സെന്ററില്‍ മൂന്ന് ദിവസത്തേക്ക് ആരംഭിച്ച സഹായ കാമ്പാണ് നിര്‍ത്തിയത്. ഇന്നലെ ആരംഭിച്ച ക്യാംപ് ഫെബ്രുവരി 27 വരെ തുടരുമെന്നായിരുന്നു ജിഡിആര്‍എഫ്എ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ആദ്യ ദിവസം തന്നെ ആയിരക്കണക്കിന് ആളുകള്‍ സഹായ കേന്ദ്രത്തിലേക്ക് എത്തിയതോടെ പദ്ധതിയുടെ ആദ്യഘട്ടം അവസാനിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

രാജ്യത്ത് അനനധികൃതായി താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ വീസയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും സാധ്യമായ ഇളവുകള്‍ നല്‍കുന്നതിനും വീസയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ നല്‍കുന്നതിനുമായാണ് ജിഡിആര്‍എഫ്എ മൂന്നു ദിവസത്തെ സഹായ കാമ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യ ദിവസം തന്നെ പ്രവാസികള്‍ കൂട്ടമായി ദേര സിറ്റി സെന്ററിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഫെബ്രുവരി 25 മുതല്‍ മൂന്നു ദിവസങ്ങളിലായി രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പരിപാടി സംഘടിപ്പിച്ചിരുന്നതെങ്കിലും ആദ്യ ദിനമായ ഇന്നലെ രാവിലെ ഏഴു മണി മുതല്‍ തന്നെ ഇവിടേക്ക് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. ഇതോടെ മൂന്ന് ദിവസം നടത്താനിരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ആദ്യ ഘട്ടം ഇന്നലത്തോടെ പൂര്‍ത്തിയായതായും കാമ്പയിനിന്റെ അടുത്തഘട്ടം പിന്നീട് നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്തഘട്ടത്തിന്റെ സമയവും സ്ഥലവും പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.