സ്വന്തം ലേഖകൻ: യു.എ.ഇ പ്രഖ്യാപിച്ച ദീർഘകാല വിസ പദ്ധതിക്ക് മികച്ച പ്രതികരണം. ഇതിനകം ദുബൈയിൽ മാത്രം 2170 പേർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ഇവരിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരുണ്ട്.
പ്രവാസി നിക്ഷേപകരിൽ വലിയ തോതിൽ ഉണർവ് രൂപപ്പെടുത്താൻ ഗോൾഡൻ വിസ ഉപകരിച്ചതായി ദുബൈ എമിഗ്രേഷൻ വകുപ്പ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വെളിപ്പെടുത്തി. കുറഞ്ഞ സമയത്തിനുള്ളിൽ രണ്ടായിരത്തിലേറെ ഗോൾഡൻ വിസകൾ ദുബൈയിൽ മാത്രം വിതരണം ചെയ്യാൻ സാധിച്ചത് ആളുകളുടെ താൽപര്യത്തിന്‍റെ കൂടി തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
10 വർഷ കാലയളവുളളതാണ് ഗോൾഡൻ വിസാ സംവിധാനം. പ്രവാസി നിക്ഷേപകർക്ക് മികച്ച സംരക്ഷണമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രവാസികൾക്ക് തങ്ങളുടെ സംരംഭങ്ങൾ വിപുലപ്പെടുത്താനും കൂടുതൽ നിക്ഷേപം ഉറപ്പാക്കാനും ഇതുപകരിക്കുന്നതായും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ വർഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ആണ് ദീർഘകാല വിസാ പദ്ധതി പ്രഖ്യാപിച്ചത്.
പൊതുവായി നിക്ഷേപകർ, പ്രത്യേക വൈദഗ്ധ്യമുള്ളവർ തുടങ്ങിയവർവർക്കാണ് ഗോൾഡൻ വിസ അനുവദിക്കുന്നത്. മികച്ച വിദ്യാർഥികൾ, പ്രോപ്പർട്ടി നിക്ഷേപകർ എന്നിവർക്കായി അഞ്ചു വർഷ വിസയും ഈ വിഭാഗത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല