1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2024

സ്വന്തം ലേഖകൻ: യുഎഇയിൽ അതിശക്തമായ മഴയും വെള്ളക്കെട്ടും. ദുബായ്, അബുദാബി, ഷാർജ തുടങ്ങിയ ന​ഗരങ്ങൾ ഏതാണ്ട് നിശ്ചലാവസ്ഥയിലാണ്. ദുബായ് വഴിയുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. 13 സർവ്വീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടു.

അബുദാബി, ദുബായ്, ഷാർജ, റാസൽ ഖൈമ, ഫുജൈറ എമിറേറ്റുകളിൽ നിരവധിയിടങ്ങളിൽ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഷാർജ റോളയിൽ മരം കടപുഴകി വീണു. ദുബായിലെ ആഘോഷ പരിപാടികളെല്ലാം റദ്ദാക്കി. മെട്രോ സർവ്വീസിനെ മഴ ബാധിച്ചില്ലെങ്കിലും ബസ് സർവ്വീസുകൾ പലയിടത്തും മുടങ്ങി. എല്ലാ ബോട്ട് സർവ്വീസുകളും താൽക്കാലികമായി നിർത്തിവച്ചു.

അൽഐനിൽ കടകളിലും ഷോപ്പിങ് മാളുകളിലും വെള്ളം കയറി. ദുബായിൽ ഖിസൈസ്, കറാമ, അൽനഹ്ദ എന്നിവടങ്ങളിൽ ഫ്ളാറ്റുകളിലെ പാർക്കിങ് കേന്ദ്രങ്ങളിലും വാഹനങ്ങളിലും വെള്ളം കയറി. റാസൽഖൈമയിലും ഫുജൈറയിലും വാദികൾ നിറഞ്ഞൊഴുകിയതോടെ റോഡുകളിൽ ​ഗതാ​​ഗതം നിലച്ചു.

അജ്മാൻ, ഉമ്മുൽഖുവെയ്ൻ എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. രാജ്യത്തെ പ്രധാന പാർക്കുകളും ബീച്ചുകളും അടച്ചു. രാത്രി പത്തുമണിയോടെ തന്നെ അൽ ഐനിലെ സിറ്റി ടണൽ അടച്ചു. എമിറേറ്റുകളിലെ മിക്ക അണ്ടർ പാസുകളും മുൻകരുതലിന്റെ ഭാ​ഗമായി അടച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള 13 വിമാനങ്ങള്‍ ശനിയാഴ്ച രാവിലെ അടുത്ത വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടതായി ഒരു ഡിഎക്‌സ്ബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പ്രതികൂല കാലവസ്ഥ എയര്‍പോര്‍ട്ടിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്ന് പരിപാടികള്‍ റദ്ദാക്കുകയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കുകയും ചെയ്തു. ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലുള്ള ഇന്റര്‍സിറ്റി ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ദുബായ് ആര്‍ടിഎ ട്വിറ്ററിലൂടെ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.