സ്വന്തം ലേഖകന്‍: യുഎഇയില്‍ അടുത്ത ഒരാഴ്ച ചൂട് 49 ഡിഗ്രിവരെ ഉയരുമെന്ന് മുന്നറിയിപ്പ്; ഉച്ചസമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. വരുന്ന ആഴ്ച ചൂടുകൂടുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും. പലയിടങ്ങളിലും ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെയായി ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ചൂടും ഈര്‍പ്പവും നിറഞ്ഞ കാലാവസ്ഥ ഒരാഴ്ചയോളം തുടരും. യു.എ.ഇ.യിലെ ചില പ്രദേശങ്ങളില്‍ ചൂട് 49 ഡിഗ്രി കടക്കും. ദുബായില്‍ 42 ഡിഗ്രിയും ഷാര്‍ജയില്‍ 44 ഡിഗ്രിയും അബുദാബിയില്‍ 46 ഡിഗ്രിയുമാകും വരുംദിവസങ്ങളില്‍ അനുഭവപ്പെടുന്ന താപനില. ഈ ദിവസങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം 80 ശതമാനംവരെ ഉയരും. ഉച്ചയ്ക്ക് പന്ത്രണ്ടിനും മൂന്നുമണിക്കും ഇടയിലാണ് കടുത്ത ചൂട് അനുഭവപ്പെടുക.
അതുകൊണ്ട് ഈ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ചെറിയ കാറ്റുണ്ടാകുമെന്നതിനാല്‍ പൊടി പറക്കാനും സാധ്യതയുണ്ട്. ഇത്തരം ദിവസങ്ങളില്‍, തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉള്ളില്‍വെച്ച് വാഹനങ്ങള്‍ വെയിലത്ത് നിര്‍ത്തിയിടുന്നതും അപകടമാണെന്നും അധികൃതര്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല