സ്വന്തം ലേഖകൻ: യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രം 2024 ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 14 ന് രാവിലെ നടക്കുന്ന പ്രാര്‍ത്ഥനയില്‍ ഏഴ് ദേവതകളുടെ പ്രതിഷ്ഠയ്ക്കും അനുഗ്രഹത്തിനും ശേഷം നടക്കുന്ന സായാഹ്ന സമര്‍പ്പണ ചടങ്ങിലാണ് മോദി പങ്കെടുക്കുക. അബുദാബിയിലെ അബു മുറൈഖ പ്രദേശത്താണ് ക്ഷേത്രം പണികഴിപ്പിച്ചത്.
ബാപ്‌സ് ഹിന്ദു മന്ദിര്‍ എന്നറിയപ്പെടുന്ന ബോച്ചസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത (BAPS) ക്ഷേത്രത്തിന് 2018 ഫെബ്രുവരിയിലാണ് ശിലയിട്ടത്. 2019 മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. 2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ 27 ഏക്കര്‍ സ്ഥലം ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളയില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആണ് പ്രഖ്യാപനം നടത്തിയത്.
ഫെബ്രുവരി 14ന് ആരാധനാ കര്‍മങ്ങള്‍ക്ക് ശേഷം സമര്‍പ്പണ ചടങ്ങ് നടക്കുമെങ്കിലും 18 നാണ് പൊതുജനങ്ങള്‍ക്കായി തുറക്കുക. അന്താരാഷ്ട്ര ഡിസൈന്‍ മത്സരത്തില്‍ വിജയിച്ച പ്രമുഖ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ ആര്‍എസ്പി ആണ് പ്രോജക്റ്റ് രൂപകല്‍പന ചെയ്തത്.
ക്ഷേത്ര സമുച്ചയത്തില്‍ സന്ദര്‍ശക കേന്ദ്രം, പ്രാര്‍ത്ഥനാ ഹാളുകള്‍, പ്രദര്‍ശനങ്ങള്‍, പഠന-കായിക മേഖലകള്‍, വിശാലമായ പാര്‍ക്കിങ്, പൂന്തോട്ടങ്ങള്‍, ഒരു ഫുഡ് കോര്‍ട്ട്, പുസ്തകശാല, ഗിഫ്റ്റ് ഷോപ്പുകള്‍ എന്നിവയുണ്ട്. ഇന്ത്യയിലെ രാജസ്ഥാനിലും ഗുജറാത്തിലുമായി കൈകൊണ്ട് കൊത്തിയെടുത്ത കല്ലുകളാണ് ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. തറ നിര്‍മാണത്തിന് ശേഷം ഈ കല്ലുകള്‍ പ്രത്യേകം അടയാളപ്പെടുത്തി ഓണ്‍-സൈറ്റ് അസംബ്ലിക്കായി യുഎഇയിലേക്ക് എത്തിക്കുകയായിരുന്നു.
ആയിരത്തിലേറെ വര്‍ഷക്കാലം കേടുപാടുകളില്ലാതെ നിലനില്‍ക്കുന്ന പിങ്ക് മണല്‍ക്കല്ല് ഉപയോഗിച്ചാണ് നിര്‍മാണം. വെള്ള മാര്‍ബിളുകളും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കും പ്രവേശനം അനുവദിക്കും. 8,000 നും 10,000 നും ഇടയില്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ ക്ഷേത്രത്തില്‍ സൗകര്യമുണ്ട്.
ഇന്ത്യയിലെ ഗംഗ, യമുന നദികളുടെ പ്രതീകമായ രണ്ട് ജലധാരകളാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. യുഎഇ സഹിഷ്ണുത- സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ അടുത്തിടെ ക്ഷേത്രം സന്ദര്‍ശിച്ച് നിര്‍മാണ പിുരോഗതി വിലയിരുത്തിയിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്റെ തെളിവാണിതെന്നും ശിലാക്ഷേത്രം ലോകാത്ഭുതങ്ങളില്‍ ഒന്നാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
യുഎഇയിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ശിഖരങ്ങള്‍ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രശിഖരങ്ങളില്‍ പുഷ്പദളങ്ങള്‍ വര്‍ഷിക്കുന്ന ചടങ്ങ് അടുത്തിടെ നടന്നിരുന്നു. ബാപ്‌സ് ആഗോള കണ്‍വീനറായ സദ്ഗുരു സ്വാമി ഈശ്വര്‍ചരനും ക്ഷേത്രത്തിന്റെ തലവന്‍ സ്വാമി ബ്രഹ്‌മവിഹാരിദാസും ചേര്‍ന്നാണ് ചടങ്ങ് പൂര്‍ത്തിയാക്കിയത്. സ്വാമി ബ്രഹ്‌മവിഹാരിദാസ് ന്യൂഡല്‍ഹിയിലെത്തി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ക്ഷേത്ര നിര്‍മാണ പുരോഗതി വിശദീകരിക്കുകയുമുണ്ടായി. ക്ഷേത്രത്തിന്റെ ത്രി ഡി പ്രിന്റഡ് മാതൃകയും സമ്മാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല