സ്വന്തം ലേഖകൻ: യുഎഇയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഫോണ്‍ കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി കണ്ടെത്തി. ഇത്തരം സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തട്ടിപ്പ് സംഘത്തിനെതിരെ ശക്തമായ നടപടിക്കും അധികൃതര്‍ തുടക്കം കുറിച്ചു. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരില്‍ നിരവധി ആളുകള്‍ക്കാണ് ദിവസവും വ്യാജ ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത്.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഉപയോക്താക്കളുടെ ഡാറ്റ അപ്ഡേറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞ് സ്വാകാര്യ വിവരങ്ങള്‍ ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. ചില ആളുകളോട് ബാങ്ക് വിവരങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുളള വ്യാജ ഫോണ്‍ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ ഫോണ്‍ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ഇത്തരത്തിലുള്ള ഒരു അപ്‌ഡേഷനും ആഭ്യന്തര മന്ത്രാലയം നടത്തുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കി.
ഫോണില്‍ വിളിച്ച് ഒരിക്കലും പൊതുജനങ്ങളുടെ സ്വാകാര്യ വിവരങ്ങള്‍ ആവശ്യപ്പെടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വിവിധ തട്ടിപ്പുകള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നേരത്തെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല