സ്വന്തം ലേഖകൻ: യുഎഇ സ്വദേശികളും വിദേശികളും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണമെന്ന് അധികൃതര്‍. പുറത്തിറങ്ങുമ്പോള്‍ നിയമ പാലകര്‍ ആവശ്യപ്പെട്ടാല്‍ ഐഡി കാര്‍ഡ് കാണിക്കേണ്ടി വരും. ഇതിനായി എല്ലായ്‌പ്പോഴും കൈയ്യില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണമെന്നാണ് നിയമം. നിയമപരമായ നടപടികള്‍ക്ക് ആവശ്യമായ ഔദ്യോഗിക രേഖയാണ് ഐഡി കാര്‍ഡെന്ന് അധികൃതര്‍ പറഞ്ഞു. കാര്‍ഡ് ഉപയോഗശൂന്യമായാല്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കണം. കാര്‍ഡിലെ വിവരങ്ങള്‍ മായാത്ത വിധം കാര്‍ഡ് സൂക്ഷിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഐഡി കാര്‍ഡിലെ വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ ഒരു മാസത്തിനുള്ളില്‍ ഔദ്യോഗിക കേന്ദ്രങ്ങളെ അറിയിച്ച് പുതിയ കാര്‍ഡ് വാങ്ങണം. കാര്‍ഡ് നഷ്ടപ്പെട്ടാലും ഉപയോഗ ശൂന്യമായാലും ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റവും അടുത്ത ഇഐഡിഎ കാര്യാലയത്തില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കണമെന്നാണ് നിയമം. സമ്മതപത്രം നല്‍കിയാണ് പുതിയ കാര്‍ഡിനായി അപേക്ഷിക്കേണ്ടത്.
ഒരു കേന്ദ്രത്തിലും കാര്‍ഡ് ഉടമകള്‍ വ്യക്തിഗത രേഖയായ ഐഡി കാര്‍ഡ് പിടിച്ചു വയ്ക്കാന്‍ നല്‍കുകയോ ഇടപാടുകള്‍ക്ക് പണയം വയ്ക്കുകയോ ചെയ്യാന്‍ പാടില്ല. ഇത്തരത്തില്‍ ചെയ്യണമെങ്കില്‍ കോടതിയുടെ രേഖാ മൂലമുള്ള ഉത്തരവ് ആവശ്യമാണ്.
കളഞ്ഞു കിട്ടിയ മറ്റുള്ളവരുടെ ഐഡി കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നതും നിയമലംഘനമാണ്. ഇത്തരം കാര്‍ഡുകള്‍ ഉപഭോക്തൃ സേവന സെന്ററുകളിലോ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ ഏല്‍പിക്കേണ്ടതാണ്. ജോലി മതിയാക്കി രാജ്യം വിടുന്നവര്‍ വിസയോടൊപ്പം ഐഡി കാര്‍ഡും റദ്ദാക്കണമെന്നതും നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. 2006 ലെ ഫെഡറല്‍ നിയമം ഒമ്പതാം നമ്പര്‍ ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ഗൗരവം വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല