സ്വന്തം ലേഖകൻ: ഇമിഗ്രേഷൻ നടപടികളെക്കുറിച്ച് കുട്ടികളുടെ സംശയമകറ്റാൻ താമസകുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) പ്രത്യേക കോൾ സെന്റർ ആരംഭിച്ചു. 7 മുതൽ 12 വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതി. വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞ് ഒട്ടേറെ കുട്ടികൾ വിളിച്ച പശ്ചാത്തലത്തിലാണ് 24 മണിക്കൂറും സേവനം ലഭിക്കുന്ന പ്രത്യേക കോൾ സെന്റർ തുടങ്ങിയത്.
എമിഗ്രേഷൻ/ഇമിഗ്രേഷൻ നടപടിക്രമങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലെലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ദുബായ് എയർപോർട്ട് ടെർമിനലുകളിൽ കുട്ടികൾക്കായി പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് കോൾ സെന്റർ തുറന്നത്.
കുട്ടികളുടെ കോളുകൾ കൈകാര്യം ചെയ്യാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി.കുട്ടികൾക്ക് സ്വന്തം ആശയങ്ങളും അറിവും ഉണ്ട്. അവരുടെ ക്രിയാത്മക നിർദേശങ്ങൾ ചെറുതാണെങ്കിലും സ്വാഗതം ചെയ്യുമെന്ന് കസ്റ്റമർ ഹാപ്പിനെസ് ഡിപാർട്ട്‌മെന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സേലം മുഹമ്മദ് അലി സുൽത്താൻ ബിൻ അലി പറഞ്ഞു.
വീസ വിവരങ്ങൾ മുതൽ ദുബായ് സന്ദർശിക്കുമ്പോൾ അറിയേണ്ട പൊതുവായ കാര്യങ്ങൾ വരെ കുട്ടികൾ ചോദിച്ചറിയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനും പാസ്‌പോർട് പുതുക്കുന്നതിനുമുള്ള നടപടിക്രമങ്ങളും ചോദിച്ചു മനസ്സിലാക്കുന്നുണ്ട്.കുട്ടികളുടെ സംശയങ്ങൾ അവർ തന്നെ ചോദിക്കട്ടെയെന്നും മാതാപിതാക്കൾ വിളിക്കരുതെന്നും സൂചിപ്പിച്ചു.
കോൾ സെന്ററിൽ തിരക്കാണെങ്കിൽ ‘കോൾ ബാക്ക് അസിസ്റ്റ്’ സേവനം ഉപയോഗപ്പെടുത്താം. സമയം കണ്ടെത്തി ഉദ്യോഗസ്ഥർ തിരിച്ചുവിളിച്ച് സംശയനിവാരണം നടത്തും. യുഎഇയിലുള്ളവർ അമർ കോൾ സെന്ററിന്റെ 800 5111 ടോൾ ഫ്രീ നമ്പറിലും വിദേശത്തുള്ളവർ +9714 3139999 നമ്പറിലുമാണ് വിളിക്കേണ്ടത്. ആശയവിനിമയം ഇംഗ്ലിഷിൽ വേണ്ടവർ 3 എന്ന നമ്പറും അറബിക്കിൽ വേണ്ടവർ 4 എന്ന നമ്പറും അമർത്തിയാൽ സഹായം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല