സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ യാത്രാ നിരക്കില്‍ വിമാന സര്‍വീസ്. ഷാര്‍ജാ ആസ്ഥാനമായുള്ള ലോ- കോസ്റ്റ് വിമാന സര്‍വീസായ എയര്‍ അറേബ്യയാണ് കുറഞ്ഞ യാത്രാ നിരക്കില്‍ സര്‍വീസ് നടത്തുന്നത്. 250 ദിര്‍ഹം മുതലാണ് യാത്രാ നിരക്ക് ആരംഭിക്കുന്നത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് ഉണ്ടാകും. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍, ബാംഗ്ലൂര്‍, അഹമ്മദാബാദ്, ഗോവ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, കോയമ്പത്തൂര്‍, നാഗ്പൂര്‍ ഉള്‍പ്പെടെയുള്ള 13 നഗരങ്ങളിലേക്കാണ് കുറഞ്ഞ നിരക്കില്‍ വിമാനം പറക്കുന്നത്.
ഇന്ത്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നതോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞിരുന്നു. പുതിയ യാത്രാ നിബന്ധനകളുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടമായി ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു രാജ്യത്തെ ഒമിക്രോണ്‍ വ്യാപനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
ആളുകള്‍ കൂട്ടത്തോടെ യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് ടിക്കറ്റ് നിരക്ക് പകുതിയിലേറെ കുറഞ്ഞിരുന്നു. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 250 ദിര്‍ഹം വരെയായി കുറഞ്ഞു. കുടുംബ സമേതം ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചവരും ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര പ്ലാന്‍ ചെയ്തവരും പുതിയ ക്വാറന്റൈന്‍ വ്യവസ്ഥയെ തുടര്‍ന്ന് യാത്ര റദ്ദാക്കിയിരുന്നു.
വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥ നിലവില്‍ വന്നതോടെ യാത്ര കൊണ്ട് കാര്യമില്ലാത്ത സ്ഥിതിയാണ് ഉണ്ടായത്. മാത്രമല്ല, മൂന്നോ നാലോ ദിവസം കൊണ്ട് യുഎഇയിലേക്ക് തിരിച്ചെത്താമെന്ന ലക്ഷ്യത്തോടെ യാത്ര പ്ലാന്‍ ചെയ്തവര്‍ക്കും തീരുമാനം തിരിച്ചടിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല