സ്വന്തം ലേഖകൻ: ഇന്ത്യയുടെ റുപേ കാര്‍ഡ് ഉപയോഗിച്ച് ഇനി യുഎഇയിലും സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അവസരം. ആഭ്യന്തര കാര്‍ഡ് സ്‌കീം (റുപേ) യുഎഇയില്‍ നടപ്പാക്കുന്നതിന് ഇരു രാജ്യങ്ങളും പങ്കാളിത്ത കരാര്‍ ഒപ്പുവച്ചു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) ഉടമസ്ഥതയിലുള്ള എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡും (എന്‍ഐപിഎല്‍) യുഎഇയിലെ അല്‍ ഇത്തിഹാദ് പേയ്‌മെന്റ്‌സും (എഇപി) തമ്മിലാണ് കരാറിലെത്തിയത്.
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, അബുദാബി നിക്ഷേപ അതോറിറ്റി എം.ഡി ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. റുപേക്ക് തുല്യമായ കാര്‍ഡ് യുഎഇ വികസിപ്പിക്കുന്നതോടെ അതിന് ഇന്ത്യയിലും അനുമതി ലഭിക്കും.
സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇയുടെ (സിബിയുഎഇ) പരോക്ഷ ഉപസ്ഥാപനമാണ് എഇപി. കരാര്‍ പ്രകാരം, യുഎഇയുടെ ദേശീയ ആഭ്യന്തര കാര്‍ഡ് സ്‌കീം (ഡിസിഎസ്) നിര്‍മിക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനും എന്‍ഐപിഎല്ലും എഇപിയും ഒരുമിച്ച് പ്രവര്‍ത്തിക്കും.
ഇന്ത്യയും യുഎഇയും മുമ്പ് ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ തുടര്‍ച്ചയായാണ് റുപേ കാര്‍ഡിന് അനുമതി നല്‍കുന്നത്. യുഎഇയിലെ ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവ ഇതിലൂടെ സുഗമമാവും. യുഎഇയുടെ ഡിജിറ്റൈസേഷന്‍ നയത്തിന് അനുസൃതവുമാണിത്. പേയ്‌മെന്റ് ഓപ്ഷനുകള്‍ വര്‍ധിപ്പിക്കുക, പേയ്‌മെന്റുകളുടെ ചിലവ് കുറയ്ക്കുക, ആഗോള പേയ്‌മെന്റുകള്‍ എന്ന നിലയില്‍ യുഎഇയുടെ മത്സരശേഷിയും സ്ഥാനവും ഉയര്‍ത്തുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍.
തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ മികച്ച നിരക്കിളവ് ഉള്‍പ്പെടെ നിരവധി നിരവധി വാഗ്ദാനങ്ങള്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ നല്‍കുന്നു. മറ്റ് രാജ്യങ്ങളെ അവരുടെ സ്വന്തം ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ പേയ്‌മെന്റ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ സഹായിക്കുന്നതിന് അറിവും വൈദഗ്ധ്യവും പങ്കിടുകയെന്നത് എന്‍ഐപിഎല്ലിന്റെ നയമാണ്.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചതിന് ശേഷമുള്ള ആദ്യ 12 മാസത്തിനുള്ളില്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി എണ്ണ ഇതര വ്യാപാരം 50.5 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 5.8 ശതമാനം വാര്‍ഷിക വര്‍ധനയാണിത്. 2022 ഫെബ്രുവരിയിലാണ് യുഎഇ ഇന്ത്യയുമായി കരാര്‍ ഒപ്പുവച്ചത്.
2022 മേയില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തില്‍ വന്നു. മെച്ചപ്പെട്ട വിപണി പ്രവേശനം, കുറഞ്ഞതോ ഒഴിവാക്കിയതോ ആയ താരിഫ് നിയമങ്ങള്‍, ലളിതമായ കസ്റ്റംസ് നടപടിക്രമങ്ങള്‍, വ്യക്തവും സുതാര്യവുമായ നിയമങ്ങള്‍, നിയമാധിഷ്ഠിത മത്സരം എന്നിവ സാമ്പത്തിക പങ്കാളിത്ത കരാറിന്റെ നേട്ടങ്ങളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല