സ്വന്തം ലേഖകൻ: യു.എ.ഇയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കുറഞ്ഞ യോഗ്യത ബി.എസ്.സി നഴ്സിങായി നിശ്ചയിച്ചതും, ഉപരിപഠനത്തിനായി ഡിപ്ലോമക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും മൂലം നിരവധി നഴ്സുമാർക്ക് ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
മന്ത്രാലയങ്ങള്‍ക്ക് കീഴിലെ ആശുപത്രികളില്‍ നിന്ന് ബി.എസ്.സി നഴ്സിങ് ഇല്ലാത്തതു കാരണം തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാരുടെ പ്രശ്നം ഗൗരവത്തിലാണ് കാണുന്നതെന്ന് മന്ത്രി മുരളീധരൻ വ്യക്തമാക്കി. ഷാർജയിൽ തൊഴിൽനഷ്ടം സംഭവിച്ച നഴ്സുമാരുടെ പരാതികൾ കേട്ട ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ നഴ്സിങ് കൗണ്‍സിലുകള്‍ മുഖേനയല്ലാത്ത ഡിപ്ലോമക്കും അംഗീകാരമുണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മന്ത്രിയും ഇന്ത്യൻ നയതന്ത്ര കേന്ദ്രവും. വിദൂര വിദ്യാഭ്യാസം വഴിയുള്ള സർട്ടിഫിക്കറ്റിന് നിയമപ്രാബല്യം ഇല്ലാത്തതു കാരണം മലയാളി അധ്യാപകരും മറ്റും നേരിടുന്ന പ്രശ്നത്തിൽ തുടർ നടപടികൾ കൈക്കൊള്ളും. ആഗോള സാമ്പത്തിക മാന്ദ്യം കാരണം ഇന്ത്യക്കാർ നേരിടുന്ന തൊഴിൽപരമായ അനിശ്ചിതത്വം യു.എ.ഇ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല