1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2024

സ്വന്തം ലേഖകൻ: യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്ക് കുറഞ്ഞു. നിലവിൽ 6,000 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. ചില സർവീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകൾ ഇതിലും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ക്രിസ്മസ്– പുതുവർഷം സീസണിലെ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്താൽ ഇപ്പോഴത് അഞ്ചിലൊന്നായി കുറഞ്ഞു.

അതേസമയം, ഓരോ വിമാനക്കമ്പനിയും നൽകുന്ന സേവനം അനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസമുണ്ടാകും. കുറഞ്ഞ നിരക്കിൽ നാലംഗ കുടുംബത്തിനു കൊച്ചിയിലേക്ക് (വൺവേ) കുറഞ്ഞത് 25,000 രൂപ മതി. 3 ആഴ്ചയ്ക്കു മുൻപ് ഒരു ടിക്കറ്റിനു മാത്രം ഇത്ര രൂപയാകുമായിരുന്നു.

ബുധനാഴ്ച അബുദാബി– കൊച്ചി യാത്രയ്ക്ക് ഓൺലൈൻ വഴി ടിക്കറ്റിന് കുറഞ്ഞ നിരക്ക് എയർ ഇന്ത്യാ എക്സ്പ്രസിനായിരുന്നു– 5,978 രൂപ (264 ദിർഹം). വരും ദിവസങ്ങളിലും ഇതേ നിരക്കുതന്നെയാകും. 30 കിലോ ലഗേജും 7 കിലോ ഹാൻഡ് ബാഗേജും ഉൾപ്പെടെയുള്ള നിരക്കാണിത്. എന്നാൽ എയർലൈനിന്റെ സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ 6,107 രൂപയാണ് (270 ദിർഹം) കാണിച്ചത്. ചില ഓൺലൈൻ സൈറ്റുകളിൽ ഇതിലും കുറഞ്ഞ നിരക്ക് കാണിക്കുന്നുണ്ടെങ്കിലും അതിൽ ലഗേജ് ഉൾപ്പെടണമെന്നില്ല. അബുദാബിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്താനുള്ള നിരക്ക് 6,166 രൂപ (272.59 ദിർഹം).

ദുബായിൽ നിന്ന് എയർ ഇന്ത്യയിൽ കൊച്ചിയിലേക്ക് 9,588 രൂപയാണ് (423 ദിർഹം). ദുബായിൽ നിന്ന് കൊച്ചിയിലേക്ക് സ്പൈസ് ജെറ്റിലും ഇൻഡിഗോയിലും 10,000 രൂപയ്ക്ക് (442 ദിർഹം) മുകളിലാണ് നിരക്ക്. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നിരക്ക് അൽപം കൂടും. എമിറേറ്റ്സ് ഉൾപ്പെടെ വിദേശ എയർലൈനുകളിൽ ഉയർന്ന നിരക്ക് തുടരുകയാണ്.

കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള നിരക്ക് ഉയർന്നു തന്നെ. ഇന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസിൽ 26,454 രൂപയാണ് നിരക്ക്. എയർ ഇന്ത്യയിൽ 29,962 രൂപയും. സ്പൈസ് ജെറ്റിലും ഇൻഡിഗോയിലും 30,000 രൂപയ്ക്കു മുകളിലാണ് വൺവേ നിരക്ക്. നാലംഗ കുടുംബത്തിനു വൺവേ ടിക്കറ്റിനു 1–1.25 ലക്ഷം രൂപയാകും. യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതൽ വിമാന സർവീസ് ഇല്ലാത്തതും നിരക്ക് ഉയർത്താൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.