മതപരവും വംശീയപരവുമായ വിദ്വേഷം പരത്തുന്ന പ്രവൃത്തികള്‍ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി യുഎഇ പ്രഖ്യാപിച്ചു. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുന്നതിനും ചെറുപ്പക്കാര്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കുന്നിനും വേണ്ടിയാണ് യുഎഇ ഇപ്പോള്‍ പുതിയ നിയമ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.
മതം, വര്‍ഗം, വംശം എന്നിവയുടെ പേരിലുള്ള വിവേചനവും ഇനി മുതല്‍ യുഎഇയില്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. ശിയാ വിഭാഗക്കാരും സുന്നി വിഭാഗക്കാരും പരസ്പരം താറടിച്ചു കാണിക്കുകയും പഴിചാരുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ഉത്തരവിന് പ്രസക്തി.
പുതിയ നിയമപ്രകാരം വാക്കാലോ പ്രവൃത്തിയാലോ മതവികാരം വ്രണപ്പെടുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഇതുമായി ബന്ധപ്പെട്ടുള്ള പ്രസ്താവന എഴുത്തിലൂടെയോ പുസ്തകങ്ങളിലൂടെയോ ലഘുലേഖകളിലൂടെയോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയോ വന്നാല്‍, അതിന് ഉത്തരവാദിയായ വ്യക്തിയോ സ്ഥാപനമോ ശിക്ഷിക്കപ്പെടും. മതങ്ങളെയോ വംശങ്ങളെയോ ഏതെങ്കിലും വിധത്തില്‍ ആക്രമിക്കുന്ന വിദ്വേഷ പ്രവര്‍ത്തനങ്ങളും ശിക്ഷാര്‍ഹമാണ്. മത ചിഹ്നങ്ങള്‍, ആചാരങ്ങള്‍, വിശുദ്ധ സ്ഥലങ്ങള്‍ എന്നിവയ്‌ക്കെതിരായ എന്ത് അതിക്രമങ്ങളും കുറ്റകരമാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ആറു മാസം മുതല്‍ പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണിവ. 50000 ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. വിവിധ മതസമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്താനും വര്‍ഗീയത തടയാനുമാണ് പുതിയ നിയമംകൊണ്ടുവന്നത്.
മത വിദ്വേഷം നടന്നതായി ആര്‍ക്കും ചൂണ്ടിക്കാട്ടമെന്നതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പരാമര്‍ശങ്ങളില്‍ പ്രവാസികള്‍ ജാഗ്രത പാലിക്കുന്നതാകും ഉചിതം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല