സ്വന്തം ലേഖകൻ: അര്‍ട്ടിസ്റ്റുകള്‍ക്ക് യുഎഇയില്‍ ഇനി മുതല്‍ പ്രത്യേക ദീര്‍ഘകാല വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള തീരുമാനം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. സാംസ്കാരിക രംഗത്ത് ദുബായിക്ക് പുതിയ കാഴ്ചപ്പാടും സംരംഭങ്ങളും ആവശ്യമാണെന്ന് ശൈഖ് മുഹമ്മദ്, ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍സ്ട് സൊസൈറ്റി അധ്യക്ഷ ശൈഖ ലതീഫ ബിന്‍ മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.
കലാ സാംസ്കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആറായിരത്തിലേറെ കമ്പനികള്‍ ദുബായിലുണ്ട്. അഞ്ച് ക്രിയേറ്റീവ് ക്ലസ്റ്ററുകളും 20 മ്യൂസിയങ്ങളും 550ലധികം സാംസ്കാരിക പരിപാടികളും ലക്ഷക്കണക്കിന് സന്ദര്‍ശകരെ ദുബായിലേക്ക് ആകര്‍ഷിക്കുന്നു. നിലവിലുള്ള ഏഴ് കള്‍ച്ചറല്‍ സെന്ററുകളെ ലൈഫ് സ്കൂളുകളാക്കി ഉയര്‍ത്തുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ഇവിടെ കലാ സാംസ്കരിക പഠനങ്ങള്‍ക്ക് അവസരമൊരുക്കുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല