![](https://www.nrimalayalee.com/wp-content/uploads/2021/11/UAE-Magic-Pen-Scam.jpg)
സ്വന്തം ലേഖകൻ: രാജ്യത്ത് ബാങ്ക് ചെക്ക് വലിയ തോതില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ യുഎഇ പോലിസ് നിര്‍ദ്ദേശം. ചെക്കു വഴി പിന്‍വലിക്കാവുന്ന തുകയും മറ്റു വിവരങ്ങളും എഴുതിയത് മറ്റൊരാളാണെങ്കില്‍ ആ ചെക്കില്‍ ഒപ്പുവയ്ക്കുമ്പോള്‍ നല്ല ജാഗ്രത പാലിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ മറ്റുള്ളവര്‍ എഴുതിക്കൊണ്ടുവരുന്ന ചെക്കുകളില്‍ സംഖ്യകളും മറ്റും എഴുതിയിരിക്കുന്നത് മാജിക് പേന കൊണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.
എഴുതി ഏതാനും മിനുട്ടുകളോ മണിക്കൂറുകളോ കഴിഞ്ഞാല്‍ തനിയെ എഴുത്ത് അപ്രത്യക്ഷമാവുന്ന തരം പേനകളാണ് മാജിക് പേനകള്‍. ഒപ്പുവയ്ക്കാന്‍ ഉടമയുടെ അടുക്കല്‍ കൊണ്ടുവരുന്ന ചെക്കില്‍ മാജിക് പേന കൊണ്ട് എഴുതിയ തുക മായുന്നതോടെ പകരം വലിയ തുക എഴുതി അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്.
അടുത്ത കാലത്തായി 20 ലേറെ ചെക്ക് തട്ടിപ്പ് കേസുകളില്‍ നടത്തിയ പരിശോധനയില്‍ മാജിക് പെന്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതായി ദുബായ് പോലീസ് അറിയിച്ചു. ഇവയ്ക്കായി ഉപയോഗിച്ച മാജിക് പേനകളുടെ മഷി 20 മിനുട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ സമയം മായാതെ നിലനില്‍ക്കുന്നതായും അതിനു ശേഷം എഴുത്ത് അപ്രത്യക്ഷമാകുന്നതായും പോലിസ് കണ്ടെത്തി.
ഇത്തരം പേനകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും പോലിസ് അറിയിച്ചു. കാറുകളും മറ്റ് സാധനങ്ങള്‍ വാങ്ങുന്നതിനും കടം വാങ്ങിയ പണത്തിന് ഈടായി നല്‍കുന്ന ചെക്കിലുമൊക്കെയാണ് ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല