1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2023

സ്വന്തം ലേഖകൻ: യുഎഇയില്‍ മെര്‍സ്(മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻ‍ഡ്രോം കൊറോണാ വൈറസ്) വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അല്‍ഐനില്‍ താമസിക്കുന്ന പ്രവാസിയായ 28 കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ എട്ടിനാണ് യുവാവിനെ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 23 ന് വൈറസ് ബാധ സ്ഥിരീകരിച്ചതായും ആഗോള ആരോഗ്യ സംഘടന അറിയിച്ചു. ഈ വര്‍ഷം ആദ്യമായാണ് യുഎഇയില്‍ മെര്‍സ് ബാധ സ്ഥിരീകരിക്കുന്നത്.

വൈറസ് സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 108 പേരെയും പരിശോധിച്ചെങ്കിലും അവരിൽ രോ​ഗബാധ കണ്ടെത്തിയില്ല. രോ​ഗപ്രതിരോധത്തിനായുള്ള മാർ​ഗങ്ങൾ‍ അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ ശക്തമാക്കിയിട്ടുുമുണ്ട്. കൃഷിയിടങ്ങൾ, വിപണികൾ തുടങ്ങി മൃ​ഗങ്ങളുമായി ഇടപഴകേണ്ടി വരുന്ന ഘട്ടങ്ങളിൽ വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

രോ​ഗത്തിന്റെ കൃത്യമായ ഉറവിടത്തെക്കുറിച്ച് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. എങ്കിലും വവ്വാലുകളിൽ നിന്ന് ഒട്ടകങ്ങളിലേക്ക് വ്യാപിച്ചതാവാം എന്നാണ് കരുതുന്നത്. 2012ലാണ് സൗദി അറേബ്യയിൽ ആദ്യമായി മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻ‍ഡ്രോം കൊറോണാ വൈറസ് എന്ന മെർസ് വൈറസ് സ്ഥിരീകരിക്കുന്നത്. ഇതുവരെ അൾജീരിയ, ഓസ്ട്രിയ, ബഹ്റിൻ, ചൈന, ഈജിപ്ത്, ഫ്രാൻസ്, ജെർമനി, ​ഗ്രീസ്, ഇറ്റലി, ജോർദാൻ, കുവൈത്ത്, മലേഷ്യ, ലെബണൻ, ഒമാൻ, ഫിലിപ്പീൻസ്, നെതർലന്റ്സ്, തായ്ലാന്റ്, ടുണീഷ്യ, യുഎഇ, യുകെ, അമേരിക്ക, യമൻ തുടങ്ങി ഇരുപത്തിയേഴോളം രാജ്യങ്ങളിലും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുവരെയുള്ള കണക്കനുസരിച്ച് 2,605 മെർസ് വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോ​ഗ്യസംഘടന വ്യക്തമാക്കുന്നത്. അതിൽ 936 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൃ​ഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന സൂട്ടോണിക് വൈറസ് ആണിത്. രോ​ഗം സ്ഥിരീകരിച്ച ഒട്ടകങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതു വഴി സൗദി അറേബ്യയിൽ ഉള്ളവർക്കാണ് കൂടുതൽ രോ​ഗം ബാധിച്ചിട്ടുള്ളതെന്നും ലോകാരോ​ഗ്യസംഘടന പറയുന്നു.

നിലവിൽ മാർസ് വൈറസിനു പര്യാപ്തമായ ചികിത്സ ലഭ്യമാക്കിയിട്ടില്ല. ചില വാക്സിനുകളും ചികിത്സയും പുരോ​ഗമനഘട്ടത്തിലാണ്. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് മെർസ് വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. രോ​ഗം ​ഗുരുതരമാകുന്ന ഘട്ടങ്ങളിൽ ന്യുമോണിയ ബാധിക്കാനുള്ള സാധ്യതയുമുണ്ട്. ‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.