സ്വന്തം ലേഖകന്‍: യുഎഇയില്‍ ഉച്ചഭക്ഷണ നിയമം ലംഘിച്ച 43 സ്ഥാപനങ്ങള്‍ കുടുങ്ങി. തുറന്ന സ്ഥലങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കരുതെന്ന നിയമം ലംഘിച്ച കമ്പനികളാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പരിശോധനയില്‍ കുടുങ്ങിയത്.
ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടത്തിയ പരിശോധനയിലാണു നിയമം ലംഘിച്ചു തൊഴിലാളികളെ പണിയെടുപ്പിച്ചവരെ പടികൂടിയതെന്ന് മന്ത്രാലയത്തിലെ തൊഴില്‍ പരിശോധന കാര്യവകുപ്പ് അസി. അണ്ടര്‍ സെക്രട്ടറി മാഹിര്‍ അല്‍ഔബദ് അറിയിച്ചു. പരിശോധനയ്ക്കും തൊഴില്‍ സുക്ഷാ ബോധവല്‍ക്കരണത്തിനുമായി 25,576 സന്ദര്‍ശനങ്ങളാണു പണിസ്ഥലങ്ങളില്‍ ഇതിനകം പൂര്‍ത്തിയാക്കിയത്.
വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്നു മാഹിര്‍ പറഞ്ഞു. നിയമം മാനിക്കാതെ ഒരു തൊഴിലാളിയെ പണിയെടുപ്പിച്ചാല്‍ അയ്യായിരം ദിര്‍ഹമാണു കമ്പനിക്കു പിഴചുമത്തുക. അരലക്ഷം ദിര്‍ഹം വരെ ഈ നിയമലംഘനങ്ങള്‍ക്കു പിഴചുമത്താന്‍ കഴിയും. ഉച്ചവിശ്രമനിയമം ലംഘിക്കുന്ന കമ്പനികളുടെ ഫയല്‍ മന്ത്രാലയത്തിലെ താണ പട്ടികയിലാക്കും. ഇതോടെ മന്ത്രാലയവുമായുള്ള കമ്പനികളുടെ ഇടപാടുകള്‍ സങ്കീര്‍ണമാകും.
ജൂണ്‍ 15 മുതല്‍ ഉഷ്ണത്തിനു ശമനമാകുന്ന സ്‌പെറ്റംബര്‍ 15 വരെ തൊഴിലാളികളെ വെയിലേല്‍ക്കുന്ന വിധത്തില്‍ തൊഴില്‍ ചെയ്യിപ്പിക്കരുതെന്നാണ് നിയമം. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു വരെയാണ് വിശ്രമം നല്‍കേണ്ടത്. ഒരു കമ്പനിയിലെ ഒരു തൊഴിലാളിക്ക് ഉച്ചവിശ്രമം അനുവദിക്കാതിരുന്നാല്‍ ആദൃഘട്ടത്തില്‍ 5,000 ദിര്‍ഹമാണ് പിഴ. തൊഴിലാളികളുടെ എണ്ണം കൂടുന്നതിനുസരിച്ച് പിഴസംഖ്യയും കൂടും.
തൊഴിലാളികള്‍ക്കു വിശ്രമിക്കാനുള്ള പ്രത്യേക ഇടവും കുടിക്കാനുള്ള പാനീയവും പണിയിടങ്ങളില്‍ ഒരുക്കണമെന്നാണ് നിയമം. കഴിഞ്ഞ വര്‍ഷത്തെ ഉച്ചവിശ്രമ നിയമം 99.5 ശതമാനം കമ്പനികളും പാലിച്ചതായാണു മന്ത്രാലയ റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല