1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2024

സ്വന്തം ലേഖകൻ: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് യുഎഇ ആരംഭിച്ച അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വീസയ്ക്ക് ആവശ്യക്കാർ കൂടുന്നതായി റിപ്പോർട്ട്. വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ എല്ലാ രാജ്യങ്ങളിലെയും വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വീസയാണ് മൾട്ടിപ്പിൾ എൻട്രി വീസ. 2021 മാർച്ചിൽ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അന്നത്തെ കാബിനറ്റ് സെഷനിൽ അഞ്ച് വർഷത്തെ ടൂറിസ്റ്റ് വീസ പദ്ധതി തുടങ്ങിയത്.

സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമില്ലാതെ ഒറ്റ വീസയില്‍ ഒന്നിലധികം തവണ യുഎഇ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നതാണ് അഞ്ച് വര്‍ഷ മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് ദുബായ് ഈ വീസ ആവിഷ്‌കരിച്ചിരിക്കുന്നത്. യുഎഇയിലെ ബിസിനസുകാര്‍ക്കും കുടുംബ സന്ദര്‍ശകര്‍ക്കും ഇത് ഉപകാരപ്പെടുന്നതാണ്.

മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസ അപേക്ഷ സമര്‍പ്പിച്ച് 2-5 പ്രവൃത്തി ദിവസത്തിനുള്ളില്‍ ലഭ്യമാകും. ഈ വീസ വഴി ഇടക്കാലയളവിൽ ഇഷ്ടാനുസരണം യുഎഇയിലേക്ക് പോയി വരാൻ സാധിക്കും. ഓരോ തവണ രാജ്യത്തെത്തുമ്പോഴും 90 ദിവസം തങ്ങാൻ അനുവാദമുണ്ട്. ആവശ്യമെങ്കിൽ സമാനമായ കാലയളവിലേക്ക് ഒരിക്കൽ കൂടി നീട്ടാവുന്നതാണ്. ഒരുവർഷത്തെ ആകെ 180 ദിവസവരെ രാജ്യത്ത് തങ്ങാൻ ഇതുവഴി സാധിക്കും. ബിസിനസുകാര്‍ക്ക് വാണിജ്യ സംബന്ധമായ യാത്രകള്‍, വിനോദസഞ്ചാരികള്‍ക്ക് ഒഴിവുസമയ യാത്രകള്‍, കൂടാതെ വിനോദ സഞ്ചാരികൾക്ക് ഒന്നിലധികം തവണ എന്‍ട്രികളും എക്‌സിറ്റുകളും പ്രയോജനപ്പെടുത്താന്‍ കഴിയും.

ആഗോള സാമ്പത്തിക മൂലധനമെന്ന നിലയിൽ യുഎഇയുടെ പദവി ശക്തിപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഈ സംരംഭം ഇന്ത്യക്കാർക്ക് വിനോദസഞ്ചാര അനുഭവം വർദ്ധിപ്പിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അഞ്ച് വര്‍ഷ വീസയ്ക്ക് അപേക്ഷിക്കാം:

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വെബ്സൈറ്റ് അല്ലെങ്കിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) വഴി ഓൺലൈൻ അപേക്ഷിക്കാം. രാജ്യത്തിനകത്ത് നിന്ന് വീസ തേടുന്ന അപേക്ഷകർക്ക് അമീർ 24/7 ഇമിഗ്രേഷൻ സേവന കേന്ദ്രങ്ങൾ പോലുള്ള അംഗീകൃത ടൈപ്പിംഗ് സെൻ്ററുകളുമായി ബന്ധപ്പെടാം. 48 മണിക്കൂറില്‍ വീസ ലഭിക്കും.

വീസയ്ക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ:

പാസ്‌പോർട്ട് സൈസ് ഫോട്ടോ

കുറഞ്ഞത് ആറ് മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ടിൻ്റെ ഒരു പകർപ്പ്

ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ

അപേക്ഷകന് കുറഞ്ഞത് 3,31,528 രൂപ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം

ആരോഗ്യ ഇൻഷുറൻസ്

റൗണ്ട് ട്രിപ്പ് ഫ്‌ളൈറ്റ് ടിക്കറ്റുകളുടെ പകര്‍പ്പും താമസ സ്ഥലത്തിന്റെ രേഖയും

യുഎഇയിലെ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ നല്‍കുന്ന ക്ഷണക്കത്ത് ഉണ്ടെങ്കില്‍ സമര്‍പ്പിക്കാം

ഹോട്ടല്‍ ബുക്കിങ് അല്ലെങ്കില്‍ വാടക കരാര്‍

ജിഡിആർഎഫ്എ വഴി വീസയ്ക്ക് ഇങ്ങനെ അപേക്ഷിക്കാം:

സ്മാർട്ട് സേവന സംവിധാനത്തിലേക്ക് ലോഗിൻ ചെയ്യുക

അപേക്ഷിക്കേണ്ട സേവനം കണ്ടെത്തുക

ആപ്ലിക്കേഷൻ ഡാറ്റ പൂരിപ്പിക്കുക

ശേഷം സേവന ഫീസ് അടയ്ക്കുക

ഫീസ്

100 ദിർഹമാണ് അപേക്ഷാ ഫീസ്

500 ദിർഹമാണ് ഇഷ്യു ഫീസായി ഈടാക്കുന്നത്

50 ദിർഹമാണ് ഇലക്ട്രോണിക് സേവന ഫീസ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.