സ്വന്തം ലേഖകൻ: യുഎഇ ക്രിക്കറ്റ് ടീമിന്റെ ചരിത്രത്തില്‍ ആദ്യമായി മലയാളി നായക സ്ഥാനത്ത്. ഇൗ മാസം 27 മുതൽ യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പിൽ യോഗ്യത നേടിയാൽ യുഎഇ ടീമിനെ നയിക്കുക മലയാളിയായ മധ്യനിര ബാറ്റ്‌സ്മാൻ സി.പി.റിസ്‌വാൻ. കണ്ണൂർ തലശ്ശേരി സൈദാർപള്ളി ചുണ്ടങ്ങാപൊയിൽ സ്വദേശിയായ 34കാരൻ ഏറെ കാലമായി യുഎഇ ടീമിനു വേണ്ടി ക്രിക്കറ്റ് കളിക്കുകയായിരുന്നു. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡാണു യുഎഇ ടീമിനെ പ്രഖ്യാപിച്ചത്.
ഇൗ മാസം 20 മുതൽ 24 വരെ ഒമാനിൽ നടക്കുന്ന അഞ്ചു ദിവസത്തെ ഏഷ്യാ കപ്പ് യോഗ്യതാ ടൂർണമെന്റിൽ ആറു ടീമുകൾ അവസാന സ്ഥാനത്തിനായി പോരാടും. സിംഗപ്പൂർ, ഹോങ്കോംഗ്, ഒമാനിലെ കുവൈത്ത് എന്നിവയാണു മറ്റു ടീമുകൾ. റിസ്‌വാൻ യുഎഇ ടീമിന് നേതൃത്വം നൽകും. കഴിഞ്ഞ വർഷം ജനുവരിയിൽ അബുദാബിയിൽ നടന്ന മത്സരത്തിൽ അയർലൻഡിനെതിരെ റിസ്‌വാൻ സെഞ്ച്വറി നേടിയിരുന്നു. 136 പന്തുകളിൽ 109 റൺസാണു നേടിയത്.
റിസ്‌വാനു പുറമേ, മലയാളികളായ ബാസിൽ ഹമീദ്, അലിഷാൻ ഷറഫു എന്നിവരും യുഎഇ ടീമിൽ അംഗങ്ങളാണ്. യോഗ്യതാ ടൂർണമെന്റിലെ വിജയികൾ ചിരവൈരികളായ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ ചേരും. ഇടങ്കയ്യൻ സ്പിന്നർ അഹമ്മദ് റാസയെ ടി20 ഫോർമാറ്റിൽ ക്യാപ്റ്റനായി യുഎഇ നിയമിച്ചു.
കുടുംബ സമേതം യുഎഇയിൽ താമസിക്കുന്ന റിസ്‌വാൻ അബ്ദുൽ റഉൗഫ്–നസ്രീൻ റഉൗഫ് ദമ്പതികളുടെ മകനാണ്. 2019 നേപ്പാളിനെതിരെയാണു രാജ്യാന്തര ഏക ദിനത്തിൽ അരങ്ങേറിയത്. ഇതേ പരമ്പരയിൽ ട്വന്റി 20യിലും അരങ്ങേറ്റം കുറിച്ചു. 29 ഏകദിനങ്ങളിൽ 736 റൺസാണ് ഇതുവരെയുള്ള സമ്പാദ്യം. 7 ട്വന്റി 20 മത്സരങ്ങളിൽ 100 റൺസും സമ്പാദിച്ചു. റിസ്‌വാന്റെ നായക സ്ഥാനം യുഎഇയിലെ മലയാളി ക്രിക്കറ്റ് കളിക്കാരിലും കായിക പ്രേമികളിലും ആവേശം വിതച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല