സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 2024 മാർച്ച് 31 വരെയുള്ള യാത്രകള്‍ക്കായി 2023 ഡിസംബർ 3 വരെ നടത്തുന്ന നേരിട്ടുള്ള ബുക്കിംഗുകള്‍ക്കാണ് ഇളവ് ലഭിക്കുക. എയർലൈനിന്‍റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് യാത്രാസമയത്ത് കോംപ്ലിമെന്‍ററി ഫ്രഷ് ഫ്രൂട്ട് പ്ലാറ്ററും ലഭിക്കും.
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് മാത്രം ആഴ്ചയിൽ 195 സർവീസുകള്‍ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ട്. ദുബായിലേക്ക് 80 സർവീസുകളും ഷാർജയിലേക്ക് 77 സർവീസുകളും അബുദാബിയിലേക്ക് 31 സർവീസുകളും ആഴ്ചയിലുണ്ട്. കൂടാതെ യുഎഇയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങളായ അൽ ഐനിലേക്ക് 2 സർവീസുകളും റാസൽഖൈമയിലേക്ക് 5 സർവീസുകളും ആഴ്ചയിൽ ഉണ്ട്.
യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന അവസരത്തിൽ, യുഎഇയേയും ഇന്ത്യയേയും ബന്ധിപ്പിക്കുന്ന വിപുലമായ ശൃംഖലയിലൂടെ ഈ മേഖലയോടുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സമര്‍പ്പണം വീണ്ടും ഉറപ്പിക്കുകയാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്‍റർനാഷണല്‍ ബിസിനസ് വൈസ് പ്രസിഡന്‍റ് താര നായിഡു പറഞ്ഞു. 18 വർഷം മുമ്പ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ഒരേ സമയം ദുബായിലേക്ക് സർവീസുകള്‍ ആരംഭിച്ചുകൊണ്ടാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രവർത്തനം ആരംഭിച്ചത് എന്നും അവർ അനുസ്മരിച്ചു.
29 ബോയിംഗ് 737, 28 എയർബസ് എ320 എന്നിവയുൾപ്പെടെ 57 വിമാനങ്ങളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 30 ആഭ്യന്തര, 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300 ലധികം വിമാനസർവീസുകള്‍ നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാൻഡ് ഐഡന്‍റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാർന്ന ഗൊർമേർ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങൾ, എയർഫ്ലിക്സ് ഇൻ-ഫ്ലൈറ്റ് എക്സ്പീരിയൻസ് ഹബ്, എക്സ്ക്ലൂസീവ് ലോയൽറ്റി ആനുകൂല്യങ്ങള്‍ എന്നിവ എയർലൈൻ വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല