1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2021

സ്വന്തം ലേഖകൻ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായ് എക്സ്പോയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് എക്സ്പോ അധികൃതര്‍ അറിയിച്ചു. ദേശീയദിനമായ ഡിസംബര്‍ രണ്ടിന് എക്‌സ്‌പോയില്‍ നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. 18 വയസ്സ് കഴിഞ്ഞവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

നിലവില്‍ എക്‌സ്‌പോ ടിക്കറ്റ് ഉള്ളവര്‍ അത് ഹാജരാക്കിയാല്‍ മതി. ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് ഡിസംബര്‍ രണ്ടിന് എക്‌സ്‌പോയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. കലാ, സംഗീത പരിപാടികള്‍, വെടിക്കെട്ട്, പരേഡ് എന്നിങ്ങനെ രാവിലെ ഒമ്പത് മുതല്‍ പുലര്‍ച്ച രണ്ട് വരെ എക്സ്പോയില്‍ ആഘോഷമുണ്ടാകും. വ്യാഴാഴ്ച രാവിലെ 10.15ഓടെ ദേശീയ ദിന പരിപാടികള്‍ക്ക് അല്‍ വസ്ല്‍ പ്ലാസയില്‍ തുടക്കമാവും. യുഎഇ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമാവുക.

കുട്ടികളുടെ സംഘം അവതരിപ്പിക്കുന്ന ദേശീയ ഗാനാലാപനം തുടര്‍ന്ന് നടക്കും. ഏഴ് എമിറേറ്റുകളിലെ 60 ഇമാറാത്തി പൗരന്‍മാര്‍ പരമ്പരാഗത കലാപരിപാടികള്‍ അവതരിപ്പിക്കും. 12.45ന് കളേഴ്സ് ഓഫ് വേള്‍ഡ് പരേഡ് നടക്കും. ദുബായ് പോലീസിന്‍റെ അശ്വ സേനയും ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ച്ചിംഗ് ബാന്‍ഡും പരേഡില്‍ അണിനിരക്കും. യുഎഇ വ്യോമസേനയിലെ അല്‍ ഫുര്‍സാന്‍ സംഘത്തിന്റെ അഭ്യസപ്രകടനങ്ങളും അരങ്ങേറും.

മൂന്ന് മണി മുതല്‍ വിവിധ സംഗീത പരിപാടികള്‍ നടക്കും. വൈകുന്നേരം 5.30ന് ഹത്തയില്‍ നടക്കുന്ന പരിപാടികളുടെ തത്സമയ സംപ്രേക്ഷണം ജൂബിലി പാര്‍ക്കില്‍ കാണാനാകും. രാത്രി 7.30നും 10.30നും യുഎഇയുടെ ചരിത്രം വിളിച്ചുപറയുന്ന സ്റ്റേജ് ഷോ അല്‍ വസ്ല്‍ പ്ലാസയില്‍ നടക്കും. 200 ഓളം കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുക്കും. ദേശീയ ദിന അവധി ദിവസങ്ങളില്‍ രാത്രി എട്ടിന് വെടിക്കെട്ടും എക്സ്പോയില്‍ ഒരുക്കുന്നുണ്ട്. അല്‍ വസ്മി ഒരുക്കുന്ന അല്‍ അസി പ്രകടനമാണ് ആഘോഷ പരിപാടിയിലെ മറ്റൊരു പ്രധാന ഇനം. ഒരു പ്രധാന കവി കവിതാ ശകലം അവതരിപ്പിക്കുകയും മറ്റുള്ളവര്‍ ബാക്കി ചേര്‍ത്ത് പാടുകയും ചെയ്യുന്ന പരിപാടിയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.