സ്വന്തം ലേഖകൻ: യുഎഇയുടെ 52–ാം ദേശീയദിനം പ്രമാണിച്ച് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകൾ. ഈ മാസം ഒന്നിന് മുൻപ് നടന്ന ഗുരുതരമായ ലംഘങ്ങൾ ഒഴികെയുള്ള എല്ലാവിധ ഗതാഗതലംഘനങ്ങൾക്കും ചുമത്തിയ പിഴകൾക്കാണ് ഉമ്മുൽഖുവൈനും റാസൽഖൈമയും ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുകയെന്ന് ഉമ്മുൽഖുവൈൻ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.
കൂടാതെ, നിശ്ചിത കാലയളവിലേക്ക് വാഹനങ്ങളും ട്രാഫിക് പോയിന്റുകളും പിടിച്ചെടുക്കലും റദ്ദാക്കാനും പൊലീസ് തീരുമാനിച്ചു. ഡിസംബർ 1 നും 2024 ജനുവരി 7 നും ഇടയിൽ പിഴയടച്ച് വാഹനമോടിക്കുന്നവർക്ക് കിഴിവ് സ്വന്തമാക്കാം. നിയമലംഘകർക്ക് പിഴ അടയ്ക്കാൻ സൗകര്യമൊരുക്കുന്നതിനാണ് തീരുമാനങ്ങൾ. വാഹന ഉടമകൾ പിഴ അടയ്‌ക്കുന്നത് വേഗത്തിലാക്കാനും നിശ്ചിത കാലയളവിനുള്ളിൽ അനുവദിച്ച കിഴിവ് പ്രയോജനപ്പെടുത്താനും എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ച് ലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കാനും ഉമ്മുൽ ഖുവൈൻ പൊലീസ് ആവശ്യപ്പെട്ടു.
റാസൽഖൈമയിൽ ഗതാഗത ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെ സംസ്കാരം വളർത്തുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതെന്ന് റാസൽഖൈമ പബ്ലിക് സർവീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഡിസംബർ മുഴുവൻ പിഴയടയ്ക്കാനുള്ള സമയം ലഭിക്കും.
ഉമ്മുൽഖുവൈൻ എമിറേറ്റിൽ നടന്ന ഗുരുതരമായവ ഒഴികെ എല്ലാ ഗതാഗത ലംഘനങ്ങൾക്കും ഇളവ് ബാധകമാണ്,
ഒരാളുടെ ജീവനോ മറ്റുള്ളവരുടെ ജീവനോ, സുരക്ഷിതത്വമോ അപകടത്തിൽപ്പെടുന്ന വിധത്തിൽ വാഹനം ഓടിക്കുക.
പൊതുവും അല്ലാത്തതുമായ കേടുപാടുകൾ വരുത്തുന്ന വിധത്തിൽ വാഹനം ഓടിക്കുക.
റെഡ് ലൈറ്റ് മറികടക്കൽ
വേഗപരിധി മണിക്കൂറിൽ 80 കി.മീറ്ററിലധികം കവിയുന്നത്.
ലൈസൻസില്ലാതെ വാഹനത്തിന്റെ എൻജിനിലോ ചേസിസിലോ മാറ്റങ്ങൾ വരുത്തുന്നു. .
കിഴിവ് കാലയളവിൽ പിഴ അടയ്‌ക്കുന്നത് ആഭ്യന്തര മന്ത്രാലയത്തിന്റെയും യുഎക്യു പൊലീസിന്റെയും സ്മാർട്ട് ആപ്പ് വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇലക്ട്രോണിക് പേയ്‌മെന്റ് വഴിയും. ‘സഹൽ’ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയോ അല്ലെങ്കിൽ സേവന കേന്ദ്രങ്ങളിൽ നേരിട്ടോ നടത്താം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല