1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 29, 2024

സ്വന്തം ലേഖകൻ: ഈ വര്‍ഷം യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളില്‍ നീറ്റ്-നാഷണല്‍ എലിജിബിലിറ്റി ആന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാം. യുഎഇയില്‍ ഇത്തവണ പ്രഖ്യാപിച്ച ആദ്യത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷാ സെന്ററാണ് ദുബായ് ഐഎച്ച്എസ്.

ഈ വര്‍ഷം വിദേശരാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആദ്യം ഒഴിവാക്കുകയും പിന്നീട് പുനസ്ഥാപിക്കുകയുമായിരുന്നു. യുഎഇയില്‍ ദുബായ്, അബുദാബി, ഷാര്‍ജ നഗരങ്ങളിലാണ് ഇതുവരെ പരീക്ഷാ സെന്ററുകള്‍ ഉണ്ടായിരുന്നത്. അബുദാബി, ഷാര്‍ജ നഗരങ്ങളിലെ കേന്ദ്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ ഉണ്ടായിരുന്ന സെന്റര്‍ ഇത്തവണയും അനുവദിക്കാന്‍ തീരുമാനിച്ചതിനാല്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഗള്‍ഫില്‍ എട്ട് നീറ്റ് പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്.

ദുബായിലെ ഔദ് മേത്തയിലാണ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. ഇന്നലെ ചൊവ്വാഴ്ചയാണ് ഈ സെന്റര്‍ ഉള്‍പ്പെടുത്തിയത്. അബുദാബിയിലും ഷാര്‍ജയിലും അനുവദിച്ച നീറ്റ് സെന്ററുകളെ കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല.

ഇന്ത്യയിലെ ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയാണിത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള എന്‍ടിഎ ആണ് പരീക്ഷ നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ മാര്‍ച്ച് 9 വരെ രജിസ്റ്റര്‍ ചെയ്യാം. കൊവിഡ് കാലയളവില്‍ ദുബായിലെ ഇന്ത്യന്‍ ഹൈസ്‌കൂളിലാണ് നീറ്റ് ആദ്യമായി നടന്നത്.

വിദേശത്തെ സെന്ററുകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഓണ്‍ലൈനായി തിരുത്തല്‍ വരുത്തി പുതിയ സെന്റര്‍ തെരഞ്ഞെടുക്കാന്‍ അവസരമുണ്ടെന്ന് എന്‍ടിഎ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. രജിസ്‌ട്രേഷന്‍ സമയം പൂര്‍ത്തിയായ ശേഷമാണ് തിരുത്തലിനുള്ള സമയം. എന്നാല്‍ സെന്ററുകള്‍ മാറ്റം വരുത്തുമ്പോഴുണ്ടാകുന്ന ഫീസിലെ വ്യത്യാസത്തിന് അനുസരിച്ച് തുക വീണ്ടും അടയ്ക്കണ്ടേിവരും.

ഗള്‍ഫില്‍ ഖത്തര്‍ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാന്‍ (മസ്‌കറ്റ്), സൗദി അറേബ്യ (റിയാദ്) എന്നീ ഗള്‍ഫ് രാജ്യങ്ങളിലും നീറ്റ് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തായ്ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ, സിംഗപ്പൂര്‍ എന്നിവയാണ് നീറ്റ് സെന്റര്‍ ഉള്ള മറ്റു രാജ്യങ്ങള്‍. ഇന്ത്യയില്‍ 554 കേന്ദ്രങ്ങളാണുള്ളത്.

പരീക്ഷാ കേന്ദ്രങ്ങള്‍ പുനസ്ഥാപിക്കാനുള്ള തീരുമാനം ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ അനുഗ്രഹമാണ്. വന്‍തുക ചെലവഴിച്ച് പരീക്ഷയ്ക്ക് വേണ്ടി മാത്രമായി ഇന്ത്യയിലേക്ക് പോകുന്നത് ഒഴിവാക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.