സ്വന്തം ലേഖകന്‍: യുഎഇയില്‍ 100 ദിര്‍ഹത്തിന്റെ പുതിയ നോട്ട് ചൊവ്വാഴ്ച മുതല്‍; ഇടപാടുകള്‍ക്ക് പഴയതും പുതിയതുമായ നോട്ടുകള്‍ ഉപയോഗിക്കാം. സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ള മാറ്റങ്ങളോടെയാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഈ നോട്ട് പുറത്തിറക്കുന്നത്. പഴയനോട്ട് വിപണിയിലിരിക്കെ തന്നെയാണ് പുതിയ നോട്ടും പ്രാബല്യത്തില്‍ വരുന്നത്. ഇരു നോട്ടുകളും ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.
പുതിയ നോട്ടിന്റെ മുന്‍വശത്താണ് പ്രധാന മാറ്റം വരുത്തിയിട്ടുള്ളത്. ഇടതു ഭാഗത്ത് താഴെയായാണ് ഈ മാറ്റം ദൃശ്യമാവുക. ഇതിന്‍ പ്രകാരം നോട്ട് മുകളില്‍ നിന്ന് താഴേക്കോ താഴെ നിന്ന് മുകളിലേക്കോ ചലിപ്പിക്കുമ്പോള്‍ (ടില്‍റ്റ്) ഈ ഭാഗത്ത് നോട്ടിന്റെ നിറം പച്ചയില്‍ നിന്ന് നീലയാവുകയും ഇവിടെ ഒരു നീല വര പ്രത്യക്ഷപ്പെടുകയും ചെയ്യും.
ഇതിനു പുറമേ നോട്ടില്‍ നിന്ന് കനംകുറഞ്ഞ വെള്ളി പാളിയും വലതു ഭാഗത്ത് താഴെയായി 100 എന്ന് മൂല്യം രേഖപ്പെടുത്തിയിരുന്നതും, പുതിയ നോട്ടില്‍ ഒഴിവാക്കിയിട്ടുണ്ട്. കള്ളനോട്ടുകള്‍ തടയുന്നതിനാണ് പുതിയ മാറ്റങ്ങളെന്നാണ് വിശദീകരണം. 2017ല്‍ മേയ് മാസത്തില്‍ അജ്മാനില്‍ മാത്രം 20 മില്യണ്‍ ഡോളര്‍ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കൂടി മുന്‍നിര്‍ത്തിയാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല