സ്വന്തം ലേഖകന്‍: യു.എ.ഇ.യില്‍ പുതിയ വിസാ നിയമം ഞായറാഴ്ച മുതല്‍; സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ എത്തിയവര്‍ക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കാം. 30 ദിവസത്തേക്കുള്ള സന്ദര്‍ശക വിസ രണ്ടു തവണ യു.എ.ഇ.യില്‍ നിന്നുകൊണ്ടുതന്നെ പുതുക്കാം. 600 ദിര്‍ഹമാണ് (ഏതാണ്ട് 11994 രൂപ) ഈടാക്കുക. വിസാ കാലാവധി കഴിഞ്ഞും യു.എ.ഇ.യില്‍ കഴിയേണ്ടി വന്നാല്‍ 10 ദിവസത്തിനു ശേഷം പ്രതിദിനം 100 ദിര്‍ഹം പിഴയടക്കണം.
സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കുമുള്ള വിസാ നടപടിക്രമങ്ങള്‍ നിയമം കൂടുതല്‍ എളുപ്പമാക്കും. വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും സ്‌പോണ്‍സര്‍ ഇല്ലാതെ തന്നെ ഒരു വര്‍ഷത്തേക്കുള്ള താമസ വിസ അനുവദിക്കും. പങ്കാളിയുടെ മരണത്തിന്റെയോ വിവാഹബന്ധം വേര്‍പെടുത്തിയതിന്റെയോ അന്നുമുതല്‍ ഒരു വര്‍ഷക്കാലമാണ് അനുമതി. യു.എ.ഇ.യിലുള്ള അവരുടെ കുട്ടികള്‍ക്കും ആനുകൂല്യം ലഭ്യമാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പദവി നിലനിര്‍ത്താന്‍ സഹായകരമായ രീതിയിലാണ് ഇവ ചിട്ടപ്പെടുത്തിയത്.
വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും നിലവിലെ വിസ റദ്ദ് ചെയ്യാനും പുതിയ ഒരു വര്‍ഷത്തെ താമസ വിസയ്ക്ക് അപേക്ഷിക്കാനും 100 ദിര്‍ഹം വീതമാണ് ഫീസ്. രക്ഷിതാക്കള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ സര്‍വകലാശാല, സെക്കന്‍ഡറി സ്‌കൂള്‍ പഠനത്തിന് ശേഷമോ 18 വയസ്സ് പൂര്‍ത്തിയായതിന് ശേഷമോ ഒരു വര്‍ഷത്തെ താമസ വിസ ലഭ്യമാക്കും. ഇത് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും പുതുക്കാം. 100 ദിര്‍ഹമാണ് (ഏതാണ്ട് 2000 രൂപ) ഇതിനായി ഈടാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല