![](https://www.nrimalayalee.com/wp-content/uploads/2022/01/UAE-Oman-Heavy-Rail-Alert.jpg)
സ്വന്തം ലേഖകൻ: യുഎഇയിലും ഒമാന്റെ വിവിധ ഭാഗങ്ങളിലും ഇടിയോടെ ശക്തമായ മഴ. പുലർച്ചെ തുടങ്ങിയ മഴയിൽ താഴ്ന്ന മേഖലകൾ വെള്ളത്തിലായി. തീരദേശ മേഖലകളിൽ കാറ്റും ശക്തമാണ്. കടൽ പ്രക്ഷുബ്ധം. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഞായർ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ദുബായ്, അബുദാബി അൽഐൻ, ഷാർജ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലായിരുന്നു ഇടിയും കാറ്റും മഴയും. പാർക്കിങ്ങുകളിലും വടക്കൻ മേഖലകളിലെ റൗണ്ട് എബൗട്ടുകളിലും വെള്ളക്കെട്ടുണ്ടായി. ദുബായ് മീഡിയ സിറ്റി, ജബൽഅലി മേഖലകളിൽ ഉച്ചവരെ ഇടവിട്ടു മഴപെയ്തു. രാത്രി വൈകിയും മഴ പെയ്യുമെന്നാണ് റിപ്പോർട്ട്.
ഒമാനില്‍ ന്യൂനമര്‍ദത്തിന്റെ ഫലമായി വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി. ശക്തമായ കാറ്റും വീശിയടിച്ചു. പുലര്‍ച്ചയോടെ ആരംഭിച്ച മഴ വൈകിട്ടും തുടര്‍ന്നു. പലയിടങ്ങളിലും വാദികള്‍ നിറഞ്ഞുകവിയുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. അടുത്ത ആഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ പെയ്തത്.
വാദിയിലെ വെള്ളപ്പൊക്കവും റോഡിലെ വെള്ളക്കെട്ടും വാഹന ഗതാഗതത്തെ ബാധിച്ചു. വിവിധ ഭാഗങ്ങളില്‍ തണുപ്പ് വര്‍ധിച്ചിട്ടുണ്ട്. മഴ സമയത്ത് വാദികള്‍ മുറിച്ച് കടക്കരുതെന്നും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഏവിയേഷന്‍ വിഭാഗം അഭ്യര്‍ഥിച്ചു.
എന്നാല്‍, മഴയില്‍ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില കുറഞ്ഞു. അപകട ഭീതിയെ തുടര്‍ന്ന് വാഹനത്തിന്റെ വേഗത നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒമാനില്‍ പെയ്ത കനത്ത മഴയില്‍ രൂപപ്പെട്ട വാദിയില്‍ അകപ്പെട്ട 14 പേരെ രക്ഷപ്പെടുത്തി.
നഖല്‍ വിലായത്തിലാണ് വിവിധ വാദികളിലായി സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ദാഖിലിയ ഗവർണറേറ്റിലാണ് ഒരാൾ മരിച്ചത്. കാണാതായ ആളുകൾക്കുവേണ്ടിയുള്ള തിരച്ചിലിനിടെ സമാഇൽ വിലായത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല