സ്വന്തം ലേഖകൻ: യുഎഇയിലെ റാസല്‍ഖൈമയില്‍ നിന്ന് ഒമാനിലേക്ക് പുതിയ ബസ് റൂട്ട്. റാസല്‍ഖൈമ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RAKTA) ആണ് രണ്ട് രാജ്യങ്ങളെ ബന്ധിപ്പിച്ച് അന്താരാഷ്ട്ര പൊതുഗതാഗത സര്‍വീസ് ആരംഭിക്കുന്നത്. മറ്റന്നാള്‍ മുതല്‍ (2023 ഒക്‌ടോബര്‍ 6) സര്‍വീസ് ആരംഭിക്കും.
ഒമാന്‍ സുല്‍ത്താനേറ്റിലെ വിനോദസഞ്ചാര കേന്ദ്രമായ മുസന്‍ദത്തിനും റാസല്‍ഖൈമയ്ക്കും ഇടയിലാണ് ബസ് സര്‍വീസ്. ശൈത്യകാലം ആസന്നമായതിനാല്‍ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മുസന്‍ദം ഗവര്‍ണറേറ്റിലെ മനോഹരമായ ഭൂപ്രകൃതി അടുത്തറിയാനും ആസ്വദിക്കാനും കുന്നുകളാല്‍ ചുറ്റപ്പെട്ട നീലജലാശയങ്ങളില്‍ മുങ്ങിക്കുളിക്കാനും കഴിയും.
ഒമാനിലെ മുസന്‍ദം ഗവര്‍ണറേറ്റുമായി സഹകരിച്ചാണ് റാസല്‍ഖൈമ ഗവര്‍ണറേറ്റ് അന്താരാഷ്ട്ര പൊതുഗതാഗത സര്‍വീസ് നടപ്പാക്കുന്നതെന്ന് റാക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. റാസല്‍ഖൈമയിലെ പ്രധാന ബസ് സ്റ്റേഷനില്‍ (അല്‍ദൈത്ത് സൗത്ത്) നിന്നാണ് സര്‍വീസ് ആരംഭിക്കുക. ഇതോടൊപ്പം എമിറേറ്റ്‌സില്‍ അല്‍ റാംസ്, ഷാം ഏരിയ എന്നിവിടങ്ങളില്‍ രണ്ട് സ്റ്റോപ്പുകള്‍ കൂടി ഉണ്ടായിരിക്കും.
മുസന്‍ദം ഗവര്‍ണറേറ്റില്‍ ഖസബ് പ്രവിശ്യയിലാണ് സര്‍വീസ് അവസാനിക്കുന്നത്. ഇവിടെ നിന്ന് തിരിച്ച് റാസല്‍ഖൈമയിലേക്കും യാത്ര ചെയ്യാം. ഒമാനിലെ തിബാത്ത്, ബുഖ പ്രവിശ്യ, ഹാര്‍ഫ്, ഖദ എന്നിവിടങ്ങളിലാണ് ബസ് നിര്‍ത്തുക. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസുണ്ടാവും. രാവിലെ എട്ടു മണിക്കും വൈകുന്നേരം ആറു മണിക്കും രണ്ട് യാത്രകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇതേസമയങ്ങളില്‍ ഖസബ് പ്രവിശ്യയില്‍ നിന്ന് റാസല്‍ഖൈമയിലേക്കും യാത്ര ആരംഭിക്കും. ഏകദേശം മൂന്നു മണിക്കൂറാണ് യാത്രാ സമയം.
ഒരു വശത്തുള്ള യാത്രാ ചെലവ് 50 ദിര്‍ഹം ആണ്. റാക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും RAKBUS ആപ്ലിക്കേഷനിലൂടെയും ബസ് സ്റ്റേഷനിലും ടിക്കറ്റ് ബുക്ക് ചെയ്യാം. ബസ്സിനുള്ളിലും ടിക്കറ്റിങ് സംവിധാനമുണ്ട്. പുതിയ സര്‍വീസ് സംബന്ധിച്ച് റാക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും മുസന്‍ദം മുനിസിപ്പാലിറ്റിയും തമ്മില്‍ 2023 ഓഗസ്റ്റ് 30ന് കരാര്‍ ഒപ്പുവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല