സ്വന്തം ലേഖകൻ: യുഎഇയിൽ ഒാൺലൈൻ ബാങ്ക് തട്ടിപ്പുകൾ ശക്തമായി തുടരുന്നു. ഇപ്രാവശ്യം കൂട്ടത്തോടെ ഇരകളായത് ദുബായിലെ മലയാളികളടക്കമുള്ള ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും. ഇവരില്‍ പലർക്കും വൻ തുകയാണ് നഷ്ടമായത്. ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഒരു കാരണവുമില്ലാതെ പണം നഷ്ടപ്പെടുകയായിരുന്നുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഇതേ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിനും ക്ലിനിക്കിന്റെ കീഴിലുള്ള ഫാർമസിയിലെ ജീവനക്കാരിക്കും ദുബായിലെ പ്രശസ്ത ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരടക്കമുള്ള 10 പേർക്കും പണം നഷ്ടമായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. ഫാര്‍മസി ജീവനക്കാരിക്ക് 50,000 ദിർഹമാണ് നഷ്ടമായത്.
ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഒടിപി ചോദിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ നമ്പർ അയച്ചുകൊടുക്കുകയായിരുന്നു. ഉടൻ തന്നെ പണം മുഴുവൻ പിൻവലിക്കുകയും ചെയ്തു. മറ്റു പലർക്കും ഇതുപോലെ വലിയ തുകകള്‍ നഷ്ടപ്പെട്ടു. ഇവരിൽ ഏറെയും മലയാളി ഡോക്ടർമാരാണ്. വ്യത്യസ്ത ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്നാണ് പണം തട്ടിയെടുത്തിരിക്കുന്നത്.
പലരോടും ഒടിപി ചോദിക്കുകയോ ഒന്നുമുണ്ടായില്ല.
അതേസമയം, 500 ദിർഹം നഷ്ടമായ ക്ലിനിക്കിലെ റിസപ്ഷനിസ്റ്റിന് അത് ബാങ്ക് തിരിച്ചുനൽകുകയും ചെയ്തു. മാസശമ്പളക്കാരായ ഇവരെല്ലാം വിവിധ ആവശ്യങ്ങൾക്കായി കരുതി വച്ച പണമാണ് ഒറ്റയടിക്ക് നഷ്ടമായിരിക്കുന്നത്. ഇൗ പണം ഇനി തിരിച്ചു കിട്ടില്ലേ എന്ന ആശങ്ക പലരുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നു. ഡോക്ടർമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടേയും ഡേറ്റകൾ എളുപ്പത്തിൽ ലഭ്യമാകുന്നതായിരിക്കാം കൂടുതലും അവരുടെ പണം മാത്രം നഷ്ടപ്പെടുന്നതിന് കാരണമെന്നാണ് വിദഗ്ധാഭിപ്രായം.
ഇത്തരം തട്ടിപ്പുകൾക്കെതിരെ അന്വേഷണം നടത്തിയ റാസൽഖൈമ പൊലീസിന് താമസക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് വൻ തുക മോഷ്ടിക്കുന്ന തട്ടിപ്പുകാരുടെ സംഘത്തെ പിടികൂടാൻ കഴിഞ്ഞു. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യാഴാഴ്ച അറിയിച്ചു. ഇവരിൽ നിന്ന് ബാങ്ക് കാർഡുകളും പണവും കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല