1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2023

സ്വന്തം ലേഖകൻ: യുഎഇയിലെ ജീവനക്കാര്‍ക്ക് തങ്ങളുടെ പ്രതിമാസ വരുമാനം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ ഉതകുന്നതാണ് അടുത്തിടെയായി നിലവില്‍ വന്ന പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള സംവിധാനം. നിലവില്‍ ഒരു സ്ഥാപനത്തില്‍ ചെയ്യുന്ന ജോലിക്ക് പറമെയാണ് പാര്‍ട്ട് ടൈം ജോലി ചെയ്യാനുള്ള അനുവാദമുള്ളത്. ഇങ്ങനെയുള്ള പാര്‍ട്ട് ടൈം ജോലി വഴി പ്രതിമാസം 10,000 ദിര്‍ഹം മുതല്‍ സമ്പാദിക്കാന്‍ അവസരം ലഭിക്കുമെന്നാണ് രാജ്യത്തെ തൊഴില്‍ മേഖലകളിലുള്ളവര്‍ പറയുന്നത്. യുഎഇ നിയമപ്രകാരം, മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ നിന്ന് പെര്‍മിറ്റ് നേടിയ ശേഷം ഒരു ജീവനക്കാരന് ഒന്നിലധികം തൊഴിലുടമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം.

യുഎഇയിലെ മിക്ക പാര്‍ട്ട് ടൈം ജോലികളും മത്സരാധിഷ്ഠിതമാണെന്ന് റിക്രൂട്ട്മെന്റ് വിദഗ്ധര്‍ പറയുന്നു. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ചെയ്യുന്ന ഇത്തരം ജോലികള്‍ക്ക് മികച്ച വേതനമാണ് തൊഴിലുടമകള്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് വിവിധ ഘടകളങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ജീവനക്കാരുടെ കഴിവുകള്‍ തന്നെയാണ് ഇക്കാര്യത്തില്‍ പ്രധാനം. കമ്പനിയുടെ സ്വഭാവം, സ്റ്റാറ്റസ്, വലിപ്പം തുടങ്ങിയവയും ഉദ്യോഗാര്‍ത്ഥിയെ റിക്രൂട്ട് ചെയ്യാനുള്ള തൊഴിലുടമയുടെ അടിയന്തര ആവശ്യം എന്നിവ അനുസരിച്ചും വേതനം വ്യത്യാസപ്പെടാം.

കൂടാതെ, പാര്‍ട്ട് ടൈം റോളുകള്‍ തൊഴിലുടമകളെ ഹ്രസ്വകാല പ്രോജക്റ്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ആവശ്യത്തിന് അനുസരിച്ച്, ആവശ്യമുള്ള സമയങ്ങളില്‍ മാത്രം തൊഴിലാളികളെ റിക്രൂട്ട് ചെയ്താല്‍ മതിയെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ സ്ഥിരം ജോലിക്കാരെ നിയമിക്കുന്നതിലൂടെ നല്‍കേണ്ടിവരുന്ന അധികഭാഗം കുറയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ പാര്‍ട്ട്‌ടൈം ജോലിക്കാര്‍ക്ക് മികച്ച വേതനം നല്‍കാനും ഇത് തൊഴിലുടമകളെ സഹായിക്കും.

വ്യവസായം, അനുഭവം, ജോലിയുടെ ഉത്തരവാദിത്തങ്ങള്‍, കാലാവധി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി യുഎഇയിലെ പാര്‍ട്ട് ടൈം ജോലികള്‍ക്കുള്ള വരുമാന സാധ്യതകള്‍ വ്യത്യാസപ്പെടാമെന്ന് ഓണ്‍ പോയിന്റ് പോര്‍ട്ടല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡയമണ്ട് ഫെയേഴ്‌സ് പറയുന്നു.

ഒരു മണിക്കൂറിനുള്ള നിരക്ക് ശരാശരി 75 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെയാകാം. എന്നാല്‍ ഇത് എത്ര മണിക്കൂര്‍ നേരത്തേക്കുള്ള ജോലിയാണ്, ജോലിയുടെ സ്വഭാവം, പാര്‍ട്ട് ടൈം ജോലിക്കാരന്റെ തൊഴിലിലെ നൈപുണ്യം, തൊഴില്‍ പരിചയം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ പോയിന്റ് പോര്‍ട്ടലില്‍ 9,000-ത്തിലധികം പേര്‍ പാര്‍ട്ട്‌ടൈം ജോലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വെയിറ്റര്‍മാര്‍, ഹോസ്റ്റസ്മാര്‍, മോഡലുകള്‍, ഇവന്റ് സ്റ്റാഫ്, ബ്രാന്‍ഡ് അംബാസഡര്‍മാര്‍ തുടങ്ങി ഹോസ്പിറ്റാലിറ്റി, എന്റര്‍ടൈന്‍മെന്റ് മേഖലകളില്‍ ഉള്‍പ്പെടെയുള്ള 1,400ലധികം പാര്‍ട്ട് ടൈം ജോലികള്‍ പോര്‍ട്ടല്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ട് ടൈം ജോലിയില്‍ നിന്നുള്ള വരുമാനം ജോലിയുടെ സ്വഭാവവും ഗൗരവവും അനുസരിച്ച് ചുരുങ്ങിയത് 4,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ ആകാമെന്ന് പോര്‍ട്ടലിന്റെ കിഴക്കന്‍ യൂറോപ്പ്, മെന എന്നിവയുടെ സെയില്‍സ് വൈസ് പ്രസിഡന്റും മിഡില്‍ ഈസ്റ്റ് കണ്‍ട്രി ഹെഡുമായ മായങ്ക് പട്ടേല്‍ പറഞ്ഞു.

പാര്‍ട്ട് ടൈം തൊഴില്‍ കരാറുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ജോലി സമയം സംബന്ധിച്ച് ഇതുമായി ബന്ധപ്പെട്ട യുഎഇ നിയമം ഒന്നും പറയുന്നില്ല. ജോലി സമയത്തിന്റെ കാര്യത്തില്‍, ഹോസ്പിറ്റാലിറ്റി, വിനോദ വ്യവസായത്തിലെ വ്യക്തിഗത മുന്‍ഗണനകള്‍, തൊഴില്‍ ആവശ്യകതകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കി പാര്‍ട്ട് ടൈം ജോലി സമയം വ്യത്യാസപ്പെടാമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ദിവസത്തില്‍ 4 മുതല്‍ 7 മണിക്കൂര്‍ വരെയാണ് നിലവില്‍ പാര്‍ട് ടൈം ജോലികളുടെ ശരാശരി സമയം. അനുയോജ്യമായ ഒരു പാര്‍ട്ട് ടൈം ജോലിക്ക് ആഴ്ചയില്‍ ആറ് മുതല്‍ 20 മണിക്കൂര്‍ വരെ ജോലി സമയം ഉണ്ടായിരിക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.