
സ്വന്തം ലേഖകൻ: യുഎഇയിലെ പെട്രോളിയം കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്. മലയാളികൾ അടക്കമുള്ള നിരവധി പേർ തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങി. പലർക്കും പണം നഷ്ടപ്പെട്ടു. എണ്ണക്കമ്പനിയുടെ തേഡ് പാർട്ടിയാണെന്നും വിവിധ തസ്തികകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്നും പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. തൊഴിൽ പരിചയം ആവശ്യമില്ലെന്ന് പ്രത്യേകം രേഖപ്പെടുത്തിയതിനാൽ ഉദ്യോഗാർഥികളുടെ ഒഴുക്കായി.
വീസയ്ക്ക് 2.8 ലക്ഷം രൂപയാണ് എറണാകുളത്തെ ഏജൻസി ആവശ്യപ്പെട്ടതെന്ന് തിരുവനന്തപുരം അണ്ടൂർകോണം സ്വദേശിയും മെക്കാനിക്കൽ എൻജിനീയറുമായ ജാസിം പറഞ്ഞു. അബുദാബിയിലെ അഭിമുഖത്തിനു വിളിക്കാൻ 50,000 രൂപ ആദ്യം നൽകണം. ബാക്കി 2.3 ലക്ഷം രൂപ ജോലിക്ക് തിരഞ്ഞെടുത്താൽ ഏജൻസിക്കു നൽകണം. 56 ദിവസത്തെ ജോലിക്ക് 61,000 രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്തത്. 28 ദിവസം അവധിയും. ഇതേക്കുറിച്ച് അബുദാബിയിലുള്ള സുഹൃത്തു വഴി പെട്രോളിയം കമ്പനിയിൽ അന്വേഷിച്ചപ്പോഴാണ് വ്യാജ റിക്രൂട്ട്മെന്റാണെന്ന് വ്യക്തമായത്.
രേഖകളിൽ യഥാർഥ ലോഗോയും അല്ല. ഇതോടെ ജാസിം പിന്മാറി. എന്നാൽ ഇത് അന്വേഷിക്കാതെ പുറപ്പെട്ട പലർക്കും പണം നഷ്ടപ്പെട്ടു. യഥാർഥത്തിൽ പെട്രോളിയം കമ്പനിയിൽ റിഗ്ഗിലെ ജോലിക്ക് തുടക്കക്കാർക്ക് ഗ്രേഡ് അനുസരിച്ച് ദിവസേന 27–292 ഡോളറാണ് (1995–21582 രൂപ) അടിസ്ഥാന വേതനം. ഇതനുസരിച്ച് 56 ദിവസത്തെ ജോലിക്ക് 1.11 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ ലഭിക്കും. കൂടാതെ അലവൻസും ചേർത്താൽ തുക വർധിക്കും. ഭക്ഷണം, താമസം, മടക്കയാത്ര ടിക്കറ്റ് വേറെയും.
ഇത്രയും ആനുകൂല്യം ഉള്ളപ്പോൾ കുറഞ്ഞ ശമ്പളം വാഗ്ദാനം ചെയ്തിട്ടുപോലും ലക്ഷങ്ങൾ വീസയ്ക്കു നൽകി വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. യുഎഇയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ റിക്രൂട്മെന്റിനോ വീസയ്ക്കോ ഉദ്യോഗാർഥികളിൽ നിന്ന് പണം ഈടാക്കാറില്ല എന്നതും ഓർക്കുക. വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും ജോലിക്കായി റിക്രൂട്ട്മെന്റ് കമ്പനികൾക്ക് പണമോ വ്യക്തിഗത രേഖകളോ നൽകരുതെന്നും അബുദാബി പൊലീസ് ഓർമിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല