1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 8, 2023

സ്വന്തം ലേഖകൻ: അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള പുതിയ നയം ഉടൻ നടപ്പാക്കുമെന്നും ഇതിനായുള്ള പഠനം അന്തിമഘട്ടത്തിലാണെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അറിയിച്ചു. ഉൽപാദകർക്കും ഉപഭോക്താക്കൾക്കും വിതരണക്കാർക്കും ഒരേപോലെ ഗുണകരമാകുന്നതായിരിക്കും പുതിയ നയം.

വിപണി നിരക്കുകൾ ന്യായമാണെന്നുറപ്പാക്കാനും വില നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത തടയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെഡറൽ നാഷണൽ കൗൺസിലിലെ (എഫ്എൻസി) ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്ഥിരവും ന്യായവുമായ വില നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

മാർച്ചിൽ യുഎഇയിലെ 9 ഉൽപാദകരുടെ കോഴി, മുട്ട ഉൽപന്നങ്ങൾക്ക് താൽക്കാലികമായി 13% വില വർധിപ്പിക്കാൻ അനുമതി നൽകിയിരുന്നു. ആറു മാസത്തിനു ശേഷം ഇതു പുനഃപരിശോധിക്കും. എന്നാൽ റമസാനിൽ വില വർധന നടപ്പിലായത് സാധാരണക്കാരെ പ്രയാസപ്പെടുത്തിയതായും സൂചിപ്പിച്ചു.

ഇതേസമയം ഏതാനും ചില ബ്രാൻഡുകളിലുള്ളവയ്ക്ക് മാത്രമാണ് വില വർധനയെന്നും ചൂണ്ടിക്കാട്ടി. അവശ്യ സാധന വില വർധിപ്പിക്കാൻ യുഎഇക്ക് ഉദ്ദേശമില്ലെന്ന് സാമ്പത്തിക മന്ത്രാലയത്തിലെ മോണിറ്ററിങ് ആൻഡ് ഫോളോ അപ്പ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുല്ല അൽ ഷംസി പറഞ്ഞു. അന്യായ വിലവർധന തടയാനും കുത്തക സമ്പ്രദായങ്ങളെ പ്രതിരോധിക്കാനുമുള്ള നടപടി ശക്തിപ്പെടുത്തും.

പാചക എണ്ണ, മുട്ട, പാൽ, അരി, പഞ്ചസാര, ഫ്രഷ് ഇറച്ചി, റൊട്ടി, മൈദ, പയർ, ചെറുപയർ, ബീൻസ്, ശുചീകരണ ഉൽപന്നങ്ങൾ തുടങ്ങി ഉൾപ്പെടെ അവശ്യ വസ്തുക്കൾക്ക് വില നിയന്ത്രണം ഏർപ്പെടുത്തുമെന്നും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.