സ്വന്തം ലേഖകൻ: വര്‍ഷങ്ങളോളം യുഎഇ രാജകുമാരനായി ചമഞ്ഞ് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയയാളെ യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറസ്റ്റ് ചെയ്തു. അലക്‌സ് ടാന്നസ് എന്ന 38 കാരനായ ലെബനീസ് പൗരന്റെ തട്ടിപ്പിനാണ് കഴിഞ്ഞയാഴ്ച അവസാനമായത്. വിദേശത്തായിരുന്ന അലക്‌സ് ടാന്നസ് സ്വന്തം കുട്ടിയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് യുഎസിലെ ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ എഫ്ബിഐ പിടികൂടിയതെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു.
ഇയാളുടെ തട്ടിപ്പ് പദ്ധതികളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ അകപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെ ബോണ്ടില്ലാതെ തടവിലിടാന്‍ ഉടന്‍ ഉത്തരവുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച സാന്‍ അന്റോണിയോയിലെ ഫെഡറല്‍ കോടതിയില്‍ പ്രതിയെ ഹാജരാക്കിയിരുന്നു. കുറ്റം തെളിഞ്ഞാല്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും.
യുഎഇയിലെ രാജകുടുംബത്തിലെ പ്രധാന അംഗമാണെന്ന് അവകാശപ്പെട്ടിരുന്ന പ്രതി ബിസിനസുകാരനും നയതന്ത്രജ്ഞനുമായി വളരെക്കാലം വേഷമിട്ടിരുന്നതായി ക്രിമിനല്‍ പരാതിയിന്‍മേല്‍ എഫ്ബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ഇരകളെ സമര്‍ത്ഥമായി കബളിപ്പിച്ച് ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുക്കുന്നതില്‍ അതീവ വൈദഗ്ധ്യമുള്ളയാളാണ് പ്രതിയെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. തന്റെ ഉടമസ്ഥതയിലുള്ളതും താന്‍ നിയന്ത്രിക്കുന്നതുമായ സ്ഥാപനങ്ങള്‍ വഴി നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടാണ് ഇരകളെ കെണിയില്‍പെടുത്തിയത്.
പ്രതി അറസ്റ്റിലായെങ്കിലും തന്റെ 700,000 യൂറോയും (27.7 ലക്ഷം ദിര്‍ഹം) നഷ്ടമായ ജീവിതത്തിന്റെ 10 വര്‍ഷവും തിരികെ ലഭിക്കാനിടയില്ലെന്നായിരുന്നു തട്ടിപ്പിന് ഇരയായ ബെല്‍ജിയത്തില്‍ നിന്നുള്ള മാര്‍ക്ക് ഡി സ്പീഗലേരി എന്നയാളുടെ പ്രതികരണം. പക്ഷേ, അടുത്ത രണ്ട് ദശാബ്ദങ്ങള്‍ അദ്ദേഹം തടവറയില്‍ ചെലവഴിക്കാനുള്ള സാധ്യത എനിക്കും മറ്റെല്ലാ ഇരകള്‍ക്കും ആശ്വാസം നല്‍കുന്നുവെന്നും അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു.
അലക്‌സിനെതിരെ ദുബായ് കോടതിയില്‍ മാര്‍ക്ക് ഡി സ്പീഗലേരി കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഖത്തറിലെ ദോഹയില്‍ ലാഭകരമായ പദ്ധതിയില്‍ നിക്ഷേപത്തിന് അവസരമുണ്ടെന്ന് പറഞ്ഞ് 2012ലാണ് ഇയാളില്‍ പണംപിടുങ്ങിയത്. ദുബായിലെ പാം ജുമൈറയിലെ വീട്ടില്‍ ക്ഷണിച്ചിരുത്തിയായിരുന്നു അലക്‌സിന്റെ ഇടപാട്. ഭരണകുടുംബവുമായി അടുത്ത ചങ്ങാത്തമുണ്ടെന്ന് ഇയാള്‍ അവകാശപ്പെടുകയും ചെയ്തിരുന്നതായി സ്പീഗലേരി പറയുന്നു.
11.5 ലക്ഷം ദിര്‍ഹം തട്ടിയെടുത്തുവെന്ന് ആരോപിച്ച് ലിബിയയില്‍ നിന്നുള്ള ഉമര്‍ അബുഹലാല എന്നയാളും ദുബായ് കോടതിയെ സമീപിച്ചിരുന്നു. ഇക്വിക്കോ എന്റര്‍പ്രൈസസ് ഇങ്ക് എന്നാണ് അലക്സിന്റെ ഒരു സ്ഥാപനത്തിന്റെ പേര്. യുഎഇ സംരംഭങ്ങള്‍ക്ക് അനുയോജ്യമായ യുഎസ് കമ്പനികളെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട ഒരു എമിറാത്തി ഉദ്യോഗസ്ഥനാണ് താനെന്ന് അവകാശപ്പെട്ടും പ്രതി തട്ടിപ്പ് നടത്തിയതായി എഫ്ബിഐയുടെ സത്യവാങ്മൂലത്തിലുണ്ട്.
കൂടാതെ, എമിറാത്തി സാമ്പത്തിക വികസന ഫണ്ടില്‍ നിന്ന് ദശലക്ഷക്കണക്കിന് ദിര്‍ഹം സഹായം ലഭിക്കുമെന്ന് അവകാശപ്പെട്ട് ഒരു സോഫ്റ്റ്‌വെയര്‍ സ്ഥാപന ഉടമയുമായി സംയുക്ത സംരംഭം ആരംഭിക്കാനും പലരില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. 2021 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ നാല് പേയ്മെന്റുകളിലായി അലകിസിന്റെ ഇക്വിക്കോ കമ്പനി അക്കൗണ്ടിലേക്ക് 70,000 ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും എഫ്ബിഐ കണ്ടെത്തി. മാതാപിതാക്കളില്‍ നിന്നുള്ള അലവന്‍സുകളും ഇപ്പോഴത്തെ ഭാര്യയുടെ സമ്പാദ്യവും വായ്പകളും പ്രതി ഉപയോഗപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല