സ്വന്തം ലേഖകൻ: യുഎഇയില്‍ അധ്യാപകര്‍ക്ക് വീട്ടില്‍ സ്വകാര്യ ട്യൂഷന് നല്‍കുന്നതിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് പ്രഖ്യാപിച്ചു. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനെ ചെറുക്കാനാണ് ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ അവതരിപ്പിച്ചത്. സ്കൂള്‍ സമയത്തിന് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് നല്കാന് അധ്യാപകരെ ഇത് അനുവദിക്കുന്നു. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പുതിയ പെര്‍മിറ്റ് സംവിധാനം കൊണ്ടുവന്നത്.
അധ്യാപകര്‍, തൊഴില്‍രഹിതര്‍, 15-18 വയസ് പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ഥികള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെല്ലാം പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കും. സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്കും ട്യൂഷനെടുക്കാന്‍ അനുമതി ലഭിക്കും.
സ്വകാര്യ അധ്യാപകരെ നിയമവിരുദ്ധവും അനിയന്ത്രിതവുമായി റിക്രൂട്ട് ചെയ്യുന്നത് തടയുന്നതിനാണ് സ്വകാര്യ ട്യൂഷന് നല്കാന് യോഗ്യതയുള്ള വ്യക്തികള്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അക്കാദമിക് അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ മുഅല്ല പറഞ്ഞു. യോഗ്യതയില്ലാത്തവരെ നിയമിക്കുന്നത് പഠന പ്രക്രിയയെ മൊത്തത്തില്‍ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വകാര്യ അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും വിദ്യാര്‍ഥികള്‍ക്ക് അവരുടെ പഠനരീതിക്കും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ അനുബന്ധ വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് അല്‍ മുഅല്ല ചൂണ്ടിക്കാട്ടി.
ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, വെബ്സൈറ്റ് അല്ലെങ്കില്‍ ഇ-സേവന സംവിധാനം വഴി അധ്യാപകര്‍ക്ക് സ്വകാര്യ അധ്യാപക വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം.
രണ്ട് വര്‍ഷത്തേക്ക് സൗജന്യമായാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. മന്ത്രാലയം അംഗീകരിച്ച പെരുമാറ്റച്ചട്ടം പാലിക്കുന്ന യോഗ്യതയുള്ള അധ്യാപകര്‍ക്ക് വ്യക്തിഗതമായോ ഗ്രൂപ്പായോ സ്വകാര്യ ട്യൂഷന് നല്‍കാനും അധിക വരുമാനം നേടാനും ഇത് അനുവദിക്കുന്നു.
മന്ത്രാലയത്തിന്റെ അനുമതിയില്ലാത്ത സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ പിഴയും മറ്റു നടപടികളും നേരിടേണ്ടിവരും. എന്നാല്‍ പിഴ സംഖ്യയോ പിഴയുടെ വിശദാംശങ്ങളോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല